മിമിക്രിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നഗരസഭ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

മിമിക്രിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നഗരസഭ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

 


ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മിമിക്രി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കൊച്ചി നഗരസഭ ജീവനക്കാരന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് സുമിന്‍ ആണ് പിടിയിലായത്. മിമിക്രി കലാകാരന്‍മാരുടെ സംഘടനയുടെ ഓഫീസ് തുടങ്ങുന്നതിനായി ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് സുമിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.


അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ  അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ഇയാള്‍ 900 രൂപ വാങ്ങിയിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 2,000 രൂപ കൂടി വേണമെന്നായിരുന്നു സുമിന്റെ ആവശ്യം. തുടര്‍ന്ന് മിമിക്രി കലാകാരന്‍മാര്‍ വിജിലന്‍സിനെ വിവരം അറിയിച്ചു.


വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകളുമായി വ്യാഴാഴ്ച ഉച്ചയോടെ ഭാരവാഹികള്‍ ഓഫീസിലെത്തി. തുടര്‍ന്ന് പണം വാങ്ങിയ സുമിന്‍ സര്‍ട്ടിഫിക്കറ്റ് കലാകാരന്‍മാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്തു. വിജിലന്‍സ് എത്തിയ ഉടന്‍ കൈക്കൂലി പണം സുമിന്‍ ചെരിപ്പിനടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.


പലതവണകളായി മുമ്പും ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഉദയംപേരൂരിലുള്ള സുമിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.

Post a Comment

0 Comments