മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്ന് എംഎസ്എഫ് പരാതി

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്ന് എംഎസ്എഫ് പരാതി



കോഴിക്കോട്: നവ കേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് എം എസ് എഫ് പരാതി നൽകി. ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുയ‍ർത്തിയിട്ടുണ്ട്.


സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രം​ഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.


നവകേരള സദസിലേക്ക് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഒരു സ്കൂളിൽ നിന്ന് നൂറു മുതൽ 200 കുട്ടികളെ വീതം എത്തിക്കാനാണ് നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിർദേശം.


ഇതിനിടെ നവകേരള സദസ് വൻ പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് പരാതി നൽകാൻ ജനങ്ങൾക്കാവുന്നില്ല. തിരഞ്ഞെടുപ്പ് കണ്ടു കൊണ്ടുള്ള രാഷ്ട്രീയ കളിയാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


നവകേരള സദസ് യുഡിഎഫിന് ഗുണം ചെയ്യും. അവർ 140 മണ്ഡലത്തിൽ പോയാൽ പിന്നെ ഞങ്ങൾക്ക് പോകേണ്ടി വരില്ലെന്നും ചെന്നിത്തല പറഞ്ഞു. എ വി ഗോപിനാഥ് കുറെ കാലമായി കോൺഗ്രസുമായി അകന്നു നിൽക്കുകയാണ്. പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിനെ ഒരു കാരണവശാലും ക്ഷണിക്കില്ല. ആദ്യം ശൈലജ ടീച്ചറെ തിരുത്തട്ടെ. ശശി തരൂർ നാളെ വരും, പ്രസംഗിക്കുകയും ചെയ്യും, നിലപാട് തിരുത്തുമോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Post a Comment

0 Comments