ഷൂ ഏറ്; എങ്ങനെ വധശ്രമമാകും? നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടത്; മര്‍ദ്ദിച്ച പോലീസുകാരെ വിമര്‍ശിച്ച് കോടതി

LATEST UPDATES

6/recent/ticker-posts

ഷൂ ഏറ്; എങ്ങനെ വധശ്രമമാകും? നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടത്; മര്‍ദ്ദിച്ച പോലീസുകാരെ വിമര്‍ശിച്ച് കോടതി



ഇടുക്കി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. ഓടക്കാലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യൂ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്നും നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.


അതേസമയം പോലീസ് മര്‍ദ്ദിച്ചതായി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ വെളിപ്പെടുത്തി. പ്രതികളെ തല്ലിച്ചതക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും മര്‍ദിച്ച ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലേക്ക് വീണ്ടും ഇവരെ എങ്ങനെ നല്‍കുമെന്നും കോടതി ചോദിച്ചു. പൊതുസ്ഥലത്തു വെച്ച് പ്രതികളെ മര്‍ദിച്ചവര്‍ എവിടെയാണ്. എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല , മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷ? മര്‍ദിച്ച പോലീസുകാര്‍ക്കെതിരെയുള്ള പരാതി വിശദമായി എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.


നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പോലീസ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്തായിരുന്നു കോടതിയുടെ വിമര്‍ശനം. ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.


ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പോലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.


അതേസമയം ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുളള സമരം പിന്‍വലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചാല്‍ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments