ന്യൂഡല്‍ഹി; മാര്‍ച്ച് രണ്ടാംവാരത്തോടെ രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിക്കു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണുപാര്‍ട്ടികളും മുന്നണികളും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.
രാജ്യത്ത് ബി ജെ പി നയിക്കുന്ന എന്‍ ഡി എയും കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയുമാണു നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. പ്രാദേശിക കക്ഷികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍ണായകമായതിനാല്‍ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളാണു ബി ജെ പി പ്രയോഗിക്കുന്നത.് കേന്ദ്ര ഭരണവും രാജ്യത്തെ പരമോന്നത ബഹുമതികളും ഉപയോഗിച്ചു പ്രാദേശിക കക്ഷികളെ വിവാകരപരമായി കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ബീഹാറില്‍ നിതീഷ് കുമാറിനെ ഇന്ത്യാമുന്നണിയില്‍ നിന്ന് അടര്‍ത്തി കൂടെ നിര്‍ത്താന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണ് ബി ജെ പി. ഈ ആത്മവിശ്വാസത്തിലാണു 400 സീറ്റുകള്‍ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം.
എന്നാല്‍ ഭാരത് ജോഡോ യാത്രയോടെ അടിത്തട്ടിലുണ്ടായ ചലനങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കേന്ദ്ര ഭരണത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവിധ അതൃപ്തി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു തിരിച്ചടി നല്‍കുമെന്നാണു പ്രതീക്ഷ. രാമക്ഷേത്ര പ്രതിഷ്ഠ, ഗ്യാന്‍ വ്യാപി പള്ളിയിലെ ആരാധന തുടങ്ങിയ വര്‍ഗീയ വിഷയങ്ങള്‍ ഇത്തവണ ബി ജെ പിയെ സംരക്ഷിക്കില്ലെന്നാണ് ഇന്ത്യാ സഖ്യം കരുതുന്നത്.
വിവിധ നേട്ടങ്ങള്‍ മുന്നില്‍ കണ്ടും കേന്ദ്ര ഏജന്‍സികളെ വച്ചുള്ള ബി ജെ പി വിലപേശലിനെ അതിജീവിക്കാന്‍ കഴിയാതെയും വിവിധ പാര്‍ട്ടികള്‍ ബി ജെ പി പക്ഷത്തേക്കു കൂടുമാറിക്കൊണ്ടിരിക്കുകയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതല്‍. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നു.
ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്.18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്. ജമ്മു കശ്മീരിലെ വോട്ടര്‍പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പര്യടനം അടുത്തയാഴ്ച തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ 14-ന് വിരമിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി പുതിയ കമ്മിഷണറെ കണ്ടെത്താനുള്ള യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. 15-നുമുമ്പ് പുതിയ കമ്മിഷണറുടെ നിയമനമായില്ലെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍ അരുണ്‍ ഗോയലും മാത്രമാകും ഒഡിഷ പര്യടനത്തിലുണ്ടാവുക.
കമ്മിഷന്റെ പര്യടനത്തിന്റെ തുടക്കം ഒഡിഷയില്‍നിന്നാണ്. ഈമാസം 15 മുതല്‍ 17 വരെയാണ് ഒഡിഷപര്യടനം. ആന്ധ്രാപ്രദേശില്‍ കമ്മിഷന്‍ ഒരുവട്ടം പര്യടനം നടത്തിയിരുന്നു. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കേണ്ടത്. ഒഡിഷയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നതിനാല്‍ വിശദമായ അവലോകനംതന്നെ സംസ്ഥാനത്തുണ്ടാകും. പിന്നാലെ ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം അവസാനവും മാര്‍ച്ച് ആദ്യവുമായി പശ്ചിമബംഗാള്‍, യു.പി. സംസ്ഥാനങ്ങളില്‍ കമ്മിഷനെത്തും. ഉടനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ജമ്മു-കശ്മീരില്‍ കമ്മിഷന്‍ പര്യടനത്തിന് മുമ്പായി ഉന്നതോദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.
2019-ല്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. സമാനമായ തിരഞ്ഞെടുപ്പുക്രമം തന്നെയാണ് ഇത്തവണയും കമ്മിഷന്‍ ആലോചിക്കുന്നതെന്നാണ് സൂചന. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2019-ലെ 10.36 ലക്ഷത്തില്‍നിന്ന് ഇക്കുറി 11.8 ലക്ഷമായി ഉയരും. ഇതൊക്കെ പരിഗമിച്ചാവും എത്ര ഘട്ടങ്ങളായാണു വോട്ടെടുപ്പ് നടത്തേണ്ടതെന്നു തീരുമാനിക്കുക.
0 Comments