കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്.
11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാരണത്താൽ പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി പറയുന്നു.
കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. ഇതോടൊപ്പമാണ് വൈദ്യുത വിതരണ ശൃംഖലയിൽ കേടുപാടുകൾ വരുന്നതായി കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച കെഎസ്ഇബി ഉന്നതതല യോഗം ചേരും.
0 Comments