യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ്; നിയന്ത്രണവും വൈദ്യുതിനിരക്ക് വര്‍ദ്ധനയും വരുന്നു

യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ്; നിയന്ത്രണവും വൈദ്യുതിനിരക്ക് വര്‍ദ്ധനയും വരുന്നു



തിരുവനന്തപുരം: ലോഡ്‌ഷെഡിങ്ങിനു സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗത്തിനു കടിഞ്ഞാണിടാന്‍ കെ.എസ്.ഇ.ബി. കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈദ്യുതി നിയന്ത്രണവും നിരക്കും വര്‍ദ്ധനയും നടപ്പിലാക്കാനാണ് തീരുമാനം.


ഗാര്‍ഹിക ഉപയോക്താക്കള്‍ എയര്‍ കണ്ടീഷണറുകളുടെ ഊഷ്മാവ് 26 ഡിഗ്രിക്കു മുകളില്‍ ക്രമീകരിക്കണം. അത്യാവശ്യമില്ലാത്ത വിളക്കുകള്‍ അണയ്ക്കണം. മറ്റ് വൈദ്യുതോപകരണങ്ങള്‍ പീക് ടൈമില്‍ ഓഫാക്കണം. രാത്രി ഒന്‍പതിനുശേഷം വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരവിളക്കുകളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കരുത്.

വ്യാപാര-വ്യവസായസ്ഥാപനങ്ങള്‍ പീക് ടൈമില്‍ 100-150 മെഗാവാട്ട് ഉപയോഗം കുറയ്ക്കണം. പ്രതിസന്ധി തീരുന്നതുവരെ വ്യാപാരസ്ഥാപനങ്ങള്‍ നേരത്തേ അടയ്ക്കാന്‍ നിര്‍ദേശിക്കുന്നതും പരിഗണനയിലാണ്. ജലവിതരണത്തെ ബാധിക്കാത്ത തരത്തില്‍ ജല അതോറിറ്റി പമ്പിങ് ക്രമീകരിക്കും. ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകള്‍ പീക് സമയത്ത് പ്രവര്‍ത്തിപ്പിക്കരുതെന്ന് ആവശ്യപ്പെടും.


ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനും പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.


ജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണു തീരുമാനമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് തലത്തിലുള്ള ക്രമീകരണങ്ങള്‍ക്കു ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി. രണ്ടുദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി. വീണ്ടും റിപ്പോര്‍ട്ട് നല്‍കും.


കഴിഞ്ഞ വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 114.1852 ദശലക്ഷം യൂണിറ്റാണ്. 30-ന് ഇത് 113.15 ദശലക്ഷം യൂണിറ്റായിരുന്നു. ആവശ്യമുള്ള വൈദ്യുതി 5854 മെഗാവാട്ടായി. 5800 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി കൊണ്ടുവരാനുള്ള ശേഷി വിതരണശൃംഖലയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം.


അതേസമയം വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment

0 Comments