കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 33 കാരനാണ് ഇയാള്‍. ഇയാള്‍ക്ക് സംഭവം നടന്ന സ്ഥലവുമായി അടുത്ത ബന്ധം ഉണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയ സമയത്ത് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ വഴി അകത്തു കടന്ന അക്രമി പെണ്‍കുട്ടിയെ എടുത്ത് അടുക്കള ഭാഗം വഴിയാണ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ എത്തിച്ച് അക്രമിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു. സമീപത്തെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം നാടറിഞ്ഞത്.
കണ്ണൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് രാപ്പകല്‍ വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സംഭവം നടന്ന ദിവസം രാവിലെ ഒരാള്‍ ബാഗും തൂക്കി നടന്നു പോകുന്നത് കണ്ടുവെന്ന നാട്ടുകാരന്റെ വെളിപ്പെടുത്തലാണ് പ്രതിയെ തിരിച്ചറിയാന്‍ നിര്‍ണ്ണായകമായത്. ഇതേ തുടര്‍ന്ന് നടന്നു പോയതായി പറഞ്ഞ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിയാന്‍ ഇടയായത്. തൊട്ടുപിന്നാലെ തന്നെ പൊലീസ് സംഘം കുടകില്‍ എത്തി ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പൊലീസ് തെരയുന്ന ആള്‍ എത്തിയിട്ടില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി. തന്നെ തേടി പൊലീസ് എത്താന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മറ്റെവിടേക്കെങ്കിലും കടന്നിരിക്കാമെന്ന് കരുതുന്നു. പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഡിവൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍ കുമാര്‍, വി. രതീഷ്, ഇന്‍സ്പെക്ടര്‍ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.
0 Comments