കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ഫണ്ടിലേക്ക് സ്ഥാപക ജനറൽ സെക്രട്ടറിയുടെ കൈനീട്ടം

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ഫണ്ടിലേക്ക് സ്ഥാപക ജനറൽ സെക്രട്ടറിയുടെ കൈനീട്ടം


കാഞ്ഞങ്ങാട്: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആസ്ഥാന മന്ദിര പുനർ നിർമാണത്തിനും സ്ഥിരം വരുമാന പദ്ധതികൾ കണ്ടെത്തുന്നതിന്നും വേണ്ടി ആവിഷ്കരിക്കുന്ന രണ്ടുകോടി വിഭവ സമാഹരണത്തിലേക്ക് കൈനീട്ടവുമായി പ്രഥമ ജനറൽ സെക്രട്ടറിയെത്തി. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ദീർഘകാലം സംയുക്ത മുസ്‌ലിം ജമാഅത്തിൻറെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് പദവികൾ അലങ്കരിക്കുകയും കേരളത്തിലെ ആദ്യത്തെ സംയുക്ത മുസ്‌ലിം ജമാഅത്തായ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും വലിയ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള ചിത്താരിയിലെ എം അബ്ദുൽ മജീദ് ഹാജിയാണ് 25313 രൂപയുടെ കൈനീട്ടവുമായി മുന്നോട്ടുവന്നത്. 


കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അതിൻറെ സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി രൂപീകരിച്ചപ്പോൾ അതിൻറെ വൈസ് ചെയർമാനായി അദ്ദേഹത്തെ തെരഞ്ഞെടുത്ത വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് കൈമാറിയപ്പോഴാണ്, താൻ ഉൾപ്പെടെയുള്ള വ്യക്തികൾ നട്ടു നനച്ചു വളർത്തിയ പ്രസ്ഥാനം വലിയ വളർച്ചയും വികാസവും നേടി സുവർണ്ണ ജൂബിലിയിലേക്ക് എത്തിനിൽക്കുമ്പോൾ, അതിലേക്ക് എൻറെ ഒരു വിഹിതം  കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചത്.


തദടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ  അദ്ദേഹത്തിൻറെ വീട്ടിലെത്തി  നേരിട്ട്  ആ തുക സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും ഒരു ചടങ്ങോ ഫോട്ടോയോ ആഗ്രഹിക്കാത്ത അദ്ദേഹം, അത്തരം ചടങ്ങ് വേണ്ടെന്ന് വെക്കുകയും, സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ നിർബന്ധത്തിനു വഴങ്ങി സൗത്ത് ചിത്താരി  മസ്ജിദിൽ വെച്ച് കൈമാറാം എന്ന നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. എന്നാൽ അത് അദ്ദേഹം കൈമാറുന്നതിന് പകരം സ്വന്ത മഹല്ലായ സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി മുഖേന കൈമാറാം എന്ന നിലപാ ടാണ് സ്വീകരിച്ചത്.


അതനുസരിച്ച് ഇന്നലെ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ സൗത്ത് ചിത്താരി ജുമാ മസ്ജിദിൽ എത്തിച്ചേരുകയും ജുമാ നിസ്കാരാനന്തരം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സൗത്ത് ചിത്താരി ജമാഅത്ത് പ്രസിഡൻറ് ബഷീർ മാട്ടുമ്മൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജിക്ക് ഫണ്ട് കൈമാറുകയും ചെയ്തു.


ഫണ്ട് കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു പ്രഭാഷണം നടത്തിയ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മജീദ് ഹാജിയെ പോലുള്ളവരുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, അതിൻെറ സന്ദേശം ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും അതിനാലാണ് മജീദ് ഹാജിക്ക് താല്പര്യമില്ലാതിരുന്നിട്ട് കൂടി ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നും  അദ്ദേഹം വിശദീകരിച്ചു. മജീദ് ഹാജി അടക്കമുള്ള കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ മുൻഗാമികളായ നേതാക്കളുടെ സേവന പ്രവർത്തനങ്ങൾ അദ്ദേഹം ഓരോന്നും എണ്ണി എണ്ണി പ്രകീർത്തിക്കുകയും ചെയ്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് അടുത്ത മാസം 7 ന് പാണക്കാട് സാദിഖലി തങ്ങൾ ഉത്ഘാടാനം ചെയ്യുന്ന മഹാ സമ്മേളനത്തോടെ തുടക്കമാകും.ആസ്ഥാന മന്ദിര പുനർനിർമ്മാണത്തിന് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാ സ്ഥാപനം നിർവഹിക്കും 


ഫണ്ട് സ്വീകരണച്ചടങ്ങിൽ സൗത്ത് ചിത്താരി ജമാഅത്ത് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ സ്വാഗതം പറഞ്ഞു. സൗത്ത് ചിത്താരി ജുമാമസ്ജിദ് ഖത്തീബ് സൂഫി ബാഖവി ദുആയ്ക്ക് നേതൃത്വം നൽകി. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡൻറ് ജാതിയിൽ ഹസൈനാർ, സെക്രട്ടറി അബൂബക്കർ മാസ്റ്റർ, സൗത്ത് ചിത്താരി ജമാഅത്ത് വൈസ് പ്രസിഡൻറുമാരായ സുബൈർ സിപി, അബ്ദുൽ ഖാദർ രിഫാഇ, ജോയിന്റ് സെക്രട്ടറി കുഞ്ഞബ്ദുള്ള വളപ്പിൽ, ദാവൂദ് ഹാജി, ഹബീബ് കൂളിക്കാട്, നിസാർ മൗലവി, മുഷ്താഖ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments