പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ; രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ

LATEST UPDATES

6/recent/ticker-posts

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ; രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ



ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു. അടിയന്തര കോർകമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തിൽ കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടിരുന്നു. കെ സുരേന്ദ്രനും – വി മുരളീധരനും തമ്മിൽ കുറച്ചുനാളായി ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് വി മുരളീധരൻ നിശബ്ദ പിന്തുണ നൽകുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരൻ അത്രകണ്ട് സജീവമായിരുന്നില്ല.




കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ  പ്രതികരിച്ചു. നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജിവെക്കുകയാണ് വേണ്ടത് സന്നദ്ധതയല്ല അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

രാജി സന്നദ്ധത പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സന്ദീപ് കുറ്റപ്പെടുത്തി. രാജി സന്നദ്ധത അറിയിക്കുക എന്നത് ബിജെപിയിൽ ഇല്ല. രാജിവെക്കാൻ ആണെങ്കിൽ രാജി വെച്ച ശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ തന്നെ ബിജെപിയെ നയിക്കണം. പാർട്ടിക്ക് തളർച്ചയുണ്ടാകുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. വി മുരളീധരനോട് പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ മതിയെന്ന് സന്ദീപ് പരിഹസിച്ചു. സ്വന്തം പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് വി മുരളീധരനെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments