മുട്ടുന്തല മഖാം ഉറൂസിന് ഇന്ന് തുടക്കമാവും

മുട്ടുന്തല മഖാം ഉറൂസിന് ഇന്ന് തുടക്കമാവും




കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് ഡിസംബർ 1 മുതൽ 9 വരെ വളരെ വിപുലമായ രീതിയിൽ നടത്തപ്പെടും. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 

നവംബർ 29 ന് വെള്ളിയാഴ്ച ഉറൂസ് കമ്മിറ്റി ചെയർമാൻ ഹൈദർ സാഹിബ് പതാക ഉയർത്തുന്നതോടു കൂടി ഉറൂസ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും.

ഉറൂസിനോട് അനുബന്ധിച്ച് പുരാവസ്തുക്കൽ, കര കൗശലം, മെൻഡൽ ഹിപ്നോട്ടിസം, എ ഐ റോബോട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന സെക്ഷനുകളിലായി 'മുട്ടുന്തല എക്സ്പോ' കൂടി നടക്കും.  


ഡിസംബർ 1 ഞായറാഴ്ച ഇശാ നിസ്കാരാനന്തരം മുട്ടുംതല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൾരഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസിയും സമസ്ത‌ പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി ആശംസകൾ അർപ്പിച്ചു സംസാരിക്കും. മുട്ടുന്തല ഉമർ ജുമാ മസ്‌ജിദ് ഖത്തീബ് ഹാഫിള് മസ്ഊദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കൽ കഥാപ്രസംഗം നടത്തും.


ഡിസംബർ 2 തിങ്കളാഴ്ച  ഇശാ നിസ്കാരാനന്തരം   സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ നസ്വീഹത്തിനും ദുആയ്ക്കും നേതൃത്വം നൽകും.ഡിസംബർ 3 ചൊവ്വാഴ്ച ഹാഫിള് ഇ പി അബൂബക്കർ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 4 ബുധനാഴ്ച ഇശാ നിസ്കാരാനന്തരം പ്രമുഖ ഹുബ്ബുറസൂൽ പ്രഭാഷകൻ അൻവർ അലി ഹുദവി ഇഷ്ഖ് മജ്‌ലിസിന് നേതൃത്വം നല്കും. ഡിസംബർ 5 വ്യാഴാഴ്‌ച ഇശാ നിസ്കാരാനന്തരം പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും.


ഡിസംബർ 6 വെള്ളിയാഴ്ച ഇശാ നിസ്കാരാനന്തരം പ്രമുഖ പണ്ഡിതൻ മുസ്തഫാ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും.

ഡിസംബർ 7 ശനിയാഴ്ച പ്രമുഖ വാഗ്മി സിംസാറുൽ ഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തും.


ഡിസംബർ 8 ഞായറാഴ്ച നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസമായ ഡിസംബർ 9 ന് തിങ്കളാഴ്‌ച സുബ്ഹി നിസ്ക്കാരാനന്തരം മൗലിദ് പാരായണവും,  വൈകിട്ട് 3 മണിക്ക് സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങളുടെ നേതൃത്വത്തിലുള്ള ആത്മീയ സദസ്സും കുട്ടു പ്രാർത്ഥനയും നടക്കും. തുടർന്ന് മധുര കഞ്ഞി വിതരണവും അസ്ർ നിസ്‌കാരാനന്തരം പതിനായിരക്കണക്കിന് വിശ്വാസികൾക്ക് വിതരണം ചെയ്യുന്ന അന്നദാനത്തോടെ ഈ വർഷത്തെ ഉറൂസിന് പരിസമാപ്തി കുറിക്കും.


പരിപാടി വമ്പിച്ച വിജയമാക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജമാഅത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറർ ബിസ്മില്ല അബ്ദുള്ള ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ ഹൈദർ മുട്ടുന്തല, ജനറൽ കൺവീനർ സുഹൈൽ മുഹമ്മദ്, ഓർഗനൈസിങ് കൺവീനർ ഫാറൂഖ് സൂപ്പർ , ഫിനാൻസ് കമ്മിറ്റി കൺവീനർ ലത്തീഫ് പുതിയവളപ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

0 Comments