പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജനുവരി മൂന്നിന് വെള്ളിയാഴ്ച പ്രസ്താവിക്കും. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങളൊരുക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പ്രത്യേക വാഹനപട്രോളിങ് നടത്തും. പെരിയ, കല്യോട്ട് പ്രദേശങ്ങള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലും കാവലിലുമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടികളെടുക്കാനാണ് പൊലീസിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകള്‍ സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ഒന്നാം പ്രതിയും സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനില്‍കുമാര്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി അശ്വിന്‍ എന്ന അപ്പു, എട്ടാം പ്രതി സുബീഷ് എന്ന മണി, പത്താം പ്രതി ടി. രഞ്ജിത്ത് എന്ന അപ്പു, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്ന വിഷ്ണുസൂര എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്ഠന്‍, ഇരുപതാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഇരുപത്തിയൊന്നാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തപ്പെട്ട മറ്റു പ്രതികള്‍. 24 പ്രതികളില്‍ പത്ത് പ്രതികളെ സിബിഐ കോടതി നേരത്തെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കു എന്തു ശിക്ഷയായിരിക്കും സിബിഐ കോടതി വിധിക്കുകയെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്.
0 Comments