പള്ളിക്കരയിൽ പിതാവിനെ പാര കൊണ്ടും പിക്കാസു കൊണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

പള്ളിക്കരയിൽ പിതാവിനെ പാര കൊണ്ടും പിക്കാസു കൊണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍



ബേക്കൽ:  പിതാവിനെ തേങ്ങ പൊതിക്കുന്ന പാര കൊണ്ടും പിക്കാസു കൊണ്ടും തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ ഭാര്യാ വീട്ടിലെ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര, സെന്റ് മേരീസ് സ്‌കൂളിനു സമീപത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദി(36)നെയാണ് ചൊവ്വാഴ്ച രാവിലെ ഉദുമ, നാലാംവാതുക്കാലിലെ ഭാര്യാവീട്ടിലെ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥത്ത് എത്തിയിട്ടുണ്ട്.

തന്റെ പിതാവായ അപ്പക്കുഞ്ഞി (65)യെ 2024 ഏപ്രില്‍ ഒന്നിന് വൈകുന്നേരമാണ് പ്രമോദ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അതിനു രണ്ടു ദിവസം മുമ്പ് പ്രമോദ് അച്ഛനെ അക്രമിക്കുകയും അതു സംബന്ധിച്ച് ബേക്കല്‍ പൊലീസ് പ്രമോദിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയ പ്രമോദ് വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടിനകത്തു കടന്നാണ് അപ്പക്കുഞ്ഞിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

അപ്പക്കുഞ്ഞിക്കൊലക്കേസില്‍ അറസ്റ്റിലായ പ്രമോദിന് 2024 ഒക്ടോബര്‍ മാസത്തിലാണ് ജാമ്യം ലഭിച്ചത്. കൊലക്കേസിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ട്. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കാന്‍ ഇരിക്കവെയാണ് പ്രമോദ് ജീവനൊടുക്കിയത്.

അതേ സമയം പ്രമോദിന്റെ ഭാര്യ നാലുമാസം മുമ്പ് വിവാഹമോചിതയായതായും പറയുന്നുണ്ട്. ഇതുമൂലമായിരിക്കും ഭാര്യയുടെ നാലാംവാതുക്കലിലെ വീട്ടു കിണറിന്റെ കപ്പിക്കയറില്‍ യുവാവ് ജീവനൊടുക്കിയതെന്നും പറയുന്നു.

Post a Comment

0 Comments