കാസർകോട്: ദേശീയ പാത 66 ന്റെ തലപ്പാടി - ചെങ്കള ആദ്യ റീച്ചിന്റെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലിരിക്കെ കുമ്പളയില്‍ ടോള്‍ഗേറ്റ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ ദേശീയ പാത അതോറിറ്റി ഉപേക്ഷിക്കണമെന്ന് ജില്ലാ വികസന സമിതി. എ.കെ.എം അഷറഫ് എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. ഇത് മഞ്ചേശ്വരം മണ്ഡലത്തിലെ മാത്രം പ്രശ്നമല്ല കാസര്‍കോട് ജില്ലയുടെ പൊതുവായ പ്രശ്നമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ പറഞ്ഞു.
ദേശീയ പാത 66 ല്‍ നിലവില്‍ തലപ്പാടിയില്‍ ടോള്‍ പിരിവ് ഉണ്ട്. 60 കി.മീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് വിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോള്‍ പിരിക്കാനിറങ്ങുന്നത്. ഇവിടെ നിന്നും 20 കി.മീറ്റര്‍ ദൂരത്തിനുള്ളില്‍ ടോള്‍ പിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. അന്യായമായ ടോള്‍ പിരിവിനെതിരെ പൊതുജനമാകെ പ്രതിഷേധാത്തിലാണ്. ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം നിരത്തിവെ ക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രമേയം സംസ്ഥാന സര്‍ക്കാരിനും ദേശീയപാത അതോറിറ്റിയ്ക്കും അയച്ചു കൊടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു. മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം കാരണം രാത്രികാല പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
കാസര്‍കോട് ജില്ലയില്‍ ആകെ 324 ഡോക്ടര്‍മാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 88 എണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. സമീപ ഭാവിയില്‍ 24 ഒഴിവുകള്‍കൂടി ഉണ്ടാകുമെന്നും അഡ്ഹോക്ക് നിയമനങ്ങള്‍ ലഭിക്കുന്നവര്‍ വടക്കന്‍ മേഖലയിൽ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ എം.ബി.ബി.എസ് ഡിഗ്രിയുള്ള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള ഡോക്ടര്‍മാരെ കണ്ടെത്തുകയാണ് ഇതിന് പരിഹാരമെന്ന് ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി വിവിധ നിയോജക മണ്ഡലങ്ങളില്‍ നിലവില്‍ ആവശ്യമുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ പട്ടിക ജില്ലാകളക്ടര്‍ മുഖേനെ എന്‍.എച്ച്.എ.ഐയെ അറിയിക്കാന്‍ തീരുമാനിച്ചു.
0 Comments