സ്വരാജിൻ്റെ തോൽവിയിൽ നേതൃത്വത്തിനും പങ്ക്, വാവിട്ട വാക്കുകൾ നിലമ്പൂരിൽ തിരിച്ചടിച്ചു

സ്വരാജിൻ്റെ തോൽവിയിൽ നേതൃത്വത്തിനും പങ്ക്, വാവിട്ട വാക്കുകൾ നിലമ്പൂരിൽ തിരിച്ചടിച്ചു




നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ആധികാരിക വിജയം തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവേണ്ടതില്ല. അതേസമയം, ഈ ഒരൊറ്റ ഉപതിരഞ്ഞെടുപ്പോടെ, സി.പി.എമ്മും ഇടതുപക്ഷവും ഒലിച്ചു പോകുമെന്നതും ആരും സ്വപ്നം കാണേണ്ടതില്ല. ഒരു ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ടു മാത്രം തകരുന്ന അടിത്തറയല്ല കേരളത്തില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഉള്ളതെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. നിലമ്പൂര്‍ പരമ്പരാഗതമായി തന്നെ ഒരു യു.ഡി.എഫ് മണ്ഡലമാണ്. അവിടെ, കോണ്‍ഗ്രസ്സില്‍ നിന്നും പി.വി അന്‍വര്‍ ഇടതുപാളയത്തില്‍ എത്തിയപ്പോഴാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. അതാകട്ടെ കുറച്ച് വോട്ടുകള്‍ അന്‍വറിന് ചോര്‍ത്താന്‍ സാധിച്ചതു കൊണ്ടു കൂടിയാണ്.


അന്‍വര്‍ രാജിവച്ച് ഇടതുപക്ഷത്തെ വെല്ലുവിളിച്ച് മത്സരിച്ച ഈ ഉപതിരഞ്ഞെടുപ്പില്‍ പല തരത്തിലുള്ള ധ്രുവീകരണങ്ങളുണ്ടാക്കി 19,760 വോട്ടുകള്‍ പിടിക്കാന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട്. ഈ നമ്പര്‍ നിസാരമായി കാണുന്നില്ലെങ്കിലും, അന്‍വറിന്റെ സഹായമില്ലാതിരിന്നിട്ടും 11,077 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കാന്‍ കഴിഞ്ഞത് ഷൗക്കത്തിന്റെ മധുരമായ പ്രതികാരം തന്നെയാണ്. സിറ്റിംങ് എം.എല്‍.എ രാജിവച്ച്, എതിരായി മത്സരിച്ച കടുത്ത പ്രതികൂല സാഹചര്യത്തിലും പാര്‍ട്ടി വോട്ടുകള്‍ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിച്ചത് സി.പി.എമ്മിനും ആശ്വാസകരമാണ്. സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടിട്ടില്ലെന്നത് പുതിയ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. 66,660 വോട്ടുകള്‍ നേടാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിന് സാധിച്ചിട്ടുണ്ട്.

നിലമ്പൂരിനെ സംബന്ധിച്ച് ഇടതുപക്ഷം എന്നു പറഞ്ഞാല്‍ അത് സി.പി.എമ്മാണെന്നതും ഓര്‍ത്തു കൊള്ളണം. എന്നാല്‍ യു.ഡി.എഫിന്റെ അവസ്ഥ അതല്ല, അവിടെ മുസ്ലീം ലീഗിന്റെ കരുത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് 77,737 വോട്ടുകള്‍ ഷൗക്കത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്. ബി.ജെ.പിയും ഏറെക്കുറേ അവരുടെ വോട്ടുകള്‍ പെട്ടിയിലാക്കിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചിരിക്കുന്നത് 8,648 വോട്ടുകളാണ്.



ഇനി നമുക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ഇടയാക്കിയ കാര്യങ്ങള്‍ പരിശോധിക്കാം…


തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന ഒരു സര്‍ക്കാറിനെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന ഭരണവിരുദ്ധ വികാരത്തിനും അപ്പുറം മറ്റു ചില ഘടകങ്ങള്‍ സ്വരാജിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. അതെന്തായാലും ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയുകയില്ല. അതില്‍ പ്രധാനം, വനമേഖലയിലെ പ്രശ്‌നം തന്നെയാണ്. നിലമ്പൂര്‍ ഉള്‍പ്പെടെ കേരളത്തിലെ വനമേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമായി സര്‍ക്കാര്‍ മാറിയിട്ടുണ്ട്. ഈ സര്‍ക്കാറിലെ ഏറ്റവും മോശപ്പെട്ട ഒരു മന്ത്രിക്കു തന്നെയാണ് വനംവകുപ്പ് നല്‍കിയത് എന്നത് തന്നെ ഈ മേഖലയെ കെടുകാര്യസ്ഥതയിലേക്ക് നയിക്കാന്‍ കാരണമായിട്ടുണ്ട്. വനം മേഖലയില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. കൃഷിഭൂമിയും വീടും നഷ്ടമായവരും അനവധിയാണ്. ഇവരുടെ കണ്ണീരൊപ്പാന്‍ പ്രമേയങ്ങള്‍ കൊണ്ടു മാത്രം കഴിയില്ലെന്നത് സര്‍ക്കാറും സി.പി.എം നേതൃത്വവും ഇനിയെങ്കിലും തിരിച്ചറിയണം.

നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയ്ക്ക് വേണ്ടി വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചത് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രധാന ഘട്ടത്തിലാണ്. അതു കൊണ്ടുതന്നെ ഇത് വലിയ പ്രതിഷേധമായി ഉയര്‍ത്തി കൊണ്ടു വന്ന് മുതലെടുപ്പ് നടത്താനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഗൂഢാലോചനയുടെ ഫലമാണ് വഴിക്കടവിലെ സംഭവമെന്ന് പറഞ്ഞ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് തന്നെ വനംമന്ത്രി എകെ ശശീന്ദ്രനാണ്. ഇത് ഇടതുപക്ഷത്തിനുണ്ടാക്കിയ ബുദ്ധിമുട്ടും ചില്ലറയല്ല. സി.പി.എം പോളിറ്റ് ബ്യൂറോമെമ്പര്‍ എ വിജയരാഘവനെ തടയുന്നതില്‍ വരെയാണ് പ്രതിഷേധങ്ങള്‍ എത്തിയിരുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട വനംമന്ത്രിയായാണ് എ.കെ ശശീന്ദ്രന്‍ ഇനി വിലയിരുത്തപ്പെടാന്‍ പോകുന്നത്. ഷോക്കേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബം ഒരു സി.പി.എം കുടുംബം ആയതു കൊണ്ടുമാത്രമാണ് ആ കുടുംബത്തെ പ്രതിപക്ഷത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

സ്വരാജിന്റെ തോല്‍വിക്ക് ഇടയാക്കിയതിന്റെ രണ്ടാമത്തെ കാരണം അഖില ഭാരത ഹിന്ദുമഹാസഭ നേതാവുമായി സിപിഎം പി ബി അംഗം എ വിജയരാഘവന്‍, തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയാണ്. ഇതും ഫലപ്രദമായി പ്രചരണത്തില്‍ ഉപയോഗിക്കാന്‍ യു.ഡി.എഫിനും അന്‍വറിനും സാധിച്ചിട്ടുണ്ട്. സംഭവം വിവാദമായപ്പോള്‍, ‘കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരുമെല്ലാം, തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍വരുമെന്ന’ വിജയരാഘവന്റെ പ്രതികരണവും, ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. തുടര്‍ന്ന്, ഒരു വര്‍ഗ്ഗീയവാദിയുടെയും വോട്ട് വേണ്ടന്ന് തുറന്ന് പറയേണ്ട സാഹചര്യം പോലും സ്വരാജിനുണ്ടായി.


മൂന്നാമതായി, ഇടതുപക്ഷത്തെ നിലമ്പൂരില്‍ കുഴപ്പത്തിലാക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ തുറന്നു പറച്ചിലാണ്. നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പായിരുന്നു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, എം.വി ഗോവിന്ദന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ സി.പി.എം ആര്‍എസ്എസുമായി ചേര്‍ന്നിരുന്നുവെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവന, രാഷ്ട്രീയ കേരളത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ട മണ്ഡലമായ നിലമ്പൂരില്‍ ഈ പ്രസ്താവന വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. യു.ഡി.എഫും പി.വി അന്‍വറും സി.പി.എമ്മിനെ കടന്നാക്രമിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോര്‍ മാധ്യമങ്ങളുടെ വലിയ പിന്തുണയും, ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ പറ്റുന്ന തരത്തിലുള്ള പ്രഹരശേഷിയുള്ള പ്രസ്താവനയാണ് പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലിരുന്ന് എം.വി ഗോവിന്ദന്‍ നടത്തിയിരുന്നത്.

മുന്‍പ്, ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം, കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജനാണ് വെളിപ്പെടുത്തിയതെങ്കില്‍, നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്, ആര്‍.എസ്.എസ് സഹകരണം വെളിപ്പെടുത്തിയാണ് ഇടുതുപക്ഷ രാഷ്ട്രീയത്തെ എം.വി ഗോവിന്ദന്‍ ചതിച്ചിരിക്കുന്നത്. ഹിന്ദുമഹാസഭ നേതാവുമായി വിജയരാഘവന്‍ നടത്തിയ കൂടിക്കാഴ്ചയും ഇടതുപക്ഷം പിന്തുടരുന്ന പ്രത്യയശാസ്ത്ര നിലപാടിന് എതിരാണ്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും പാര്‍ട്ടി നേതൃയോഗത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പറയേണ്ടി വന്നതും സി.പി.എം നേതാക്കളുടെ പ്രവര്‍ത്തിയിലെ അപകടം മുന്നില്‍ കണ്ടാണ്. എന്തും വിളിച്ചുപറയുന്നത് നേതാക്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ പ്രശ്നമല്ലെന്നും എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ ഈ നിലപാട് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സി.പി.എം പ്രവര്‍ത്തകരുടെ വികാരം കൂടിയാണ്. ആരോട് സന്ധി ചെയ്താലും സംഘപരിവാര്‍ രാഷ്ട്രീയത്തോടും, ആര്‍.എസ്.എസിന്നോടും, ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അനവധി പേരിലാണ് എ വിജയരാഘവന്റെയും എം.വി ഗോവിന്ദന്റെയും പ്രവര്‍ത്തികള്‍ പോറല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അതിന്റെ കൂടി പരിണിത ഫലമാണ് നിലമ്പൂരില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം, നിലമ്പൂരിലെ തോല്‍വിയെയും വിലയിരുത്താന്‍. ഈ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും എം.വി ഗോവിന്ദനും എ.വിജയരാഘവനും വനംമന്ത്രി എ.കെ ശശീന്ദ്രനും ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല.


എന്തിനേറെ, വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ സംബന്ധിച്ച വിവാദ പ്രസ്താവന പോലും ഇടതുപക്ഷത്തിനാണ് ദോഷം ചെയ്തിരിക്കുന്നത്. അവസരവാദിയായ ഈ സമുദായ നേതാവിനെ പരസ്യമായി ഇനിയെങ്കിലും സി.പി.എം തള്ളിപ്പറഞ്ഞില്ലെങ്കില്‍ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ദോഷം ചെയ്യും. കേരളത്തിലെ ഈഴവ സമുദായത്തിലെ ബഹുഭൂരിപക്ഷവും ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പമാണ് എന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഉണ്ടാവേണ്ടതുണ്ട്. ഇവരാരും തന്നെ, സമുദായ നേതാവായി അംഗീകരിക്കാത്ത വെള്ളാപ്പള്ളിക്ക് എന്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നതിനും, മറുപടി ലഭിക്കേണ്ടതുണ്ട്.

സോഷ്യല്‍ മീഡിയകള്‍ ജനങ്ങളെ സ്വാധീനിക്കുന്ന പുതിയ കാലത്ത് സമുദായ നേതാക്കളുമായുള്ള കൂട്ട് കെട്ടുകളും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. വെള്ളാപ്പള്ളിയുടെ വാമൊഴി നിലമ്പൂരില്‍ ദോഷം ചെയ്‌തോ എന്നതും സി.പി.എം നേതൃത്വം പരിശോധിക്കുന്നത് നല്ലതാണ്. സമുദായ നേതാവായാലും രാഷ്ട്രീയ നേതാക്കളായാലും പക്വതയോട് കൂടിയാണ് പെരുമാറേണ്ടത്. പറയുന്ന വാക്കുകളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ അത് തിരിച്ചടിക്കുക തന്നെ ചെയ്യും. നിലമ്പൂരില്‍ സ്വരാജായിരുന്നില്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ പരാജയത്തിന്റെ ആഘാതവും കൂടുതല്‍ കടുപ്പമാകുമായിരുന്നു. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും അതും, ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.


Post a Comment

0 Comments