ബന്തടുക്ക: കാസര്‍കോട് ബന്തടുക്കയിലെ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽകഴുകിപ്പിച്ച് ‘പാദസേവ’. ഭാരതീയ വിദ്യാനികേതൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂർണിമയുടെ ഭാഗമായി അപരിഷ്കൃത ആചാരം നടന്നത്. വ്യാഴം രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയ പ്രവർത്തന പരിധിയിലെ 30 വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതായിരുന്നു പരിപാടി.
കുറ്റിക്കോൽ പഞ്ചായത്തിലെ മുൻ ബിജെപി പഞ്ചായത്തംഗത്തിന്റെ അധ്യക്ഷതയിലാരുന്നു ചടങ്ങുകൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും നിലത്ത് കാൽമുട്ട് കുത്തിച്ചിരുത്തി കസേരയിൽ ഇരുന്ന അധ്യാപകരുടെ കാൽതൊട്ട് വന്ദിക്കാനും പൂക്കളും വെള്ളവും തളിച്ച് കാൽ കഴുകി പൂജ ചെയ്യാനും സംഘാടകർ ആവശ്യപ്പെടുകയായിരുന്നു. വരുംവർഷങ്ങളിലും ആചാരം തുടരുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മുൻവർഷങ്ങളിൽ കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തിലെ പാദസേവ പ്രതിഷേധത്തെതുടർന്ന് ഒഴിവാക്കിയിരുന്നു.
സംഭവം അപരിഷ്കൃതവും പ്രതിഷേധാർഹവുമാണെന്നും വിദ്യാഭ്യാസ വകുപ്പധികൃതർ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ ബേഡകം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. പുരോഗമന സമൂഹത്തിന് അപമാനമെന്ന് ബാലസംഘം ബേഡകം ഏരിയാകമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
0 Comments