കോഴിക്കോട്: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾക്ക് നന്ദി പറയാനും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനും പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അത് നിമിഷപ്രിയയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സന്ദർശനത്തിന് ശേഷം ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കാന്തപുരത്തിന്‍റെ ഇടപെടലുകൾ സഹായകരമായിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും യമനിലെ പണ്ഡിതരുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ഇടപെടുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മന്‍റെ അഭ്യർഥന പ്രകാരമാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്ന് നേരത്തെ കാന്തപുരം വ്യക്തമാക്കിയിരുന്നു.
0 Comments