ദുബൈ: സ്വന്തം ജീവനക്കാർക്ക് ഇലക്ട്രിക് കാറുകൾ നൽകി യു.എ.ഇയിലെ സ്വകാര്യ സ്ഥാപനം. മലയാളി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ സേഫ് ലൈൻ ഗ്രൂപ്പാണ് ജീവനക്കാരെ വില കൂടിയ ഇ.വി കാറുകൾ നൽകി ഞെട്ടിച്ചത്. 100 ജീവനക്കാർക്കാണ് കമ്പനി ഇലക്ട്രിക് കാറുകൾ നൽകുന്നത്. ആദ്യ ഘട്ടം ദുബൈയിലും അബൂദബിയിലുമായി 16 കാറുകൾ നൽകിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ബാക്കിയുള്ളവർക്ക് കൂടി കാറുകൾ കൈമാറും. ഇലക്ട്രിക്കൽ ട്രേഡിങ് മേഖലയിൽ ഗൾഫ് മേഖലയിലെ മുൻനിര സ്ഥാപനമാണ് സേഫ് ലൈൻ. കാസർകോഡ് സ്വദേശിയായ ഡോ. അബൂബക്കർ കുറ്റിക്കോലാണ് സ്ഥാപനത്തിന്റെ ഉടമ. കമ്പനിയുടെ വളർച്ചയിൽ എല്ലായിപ്പോഴും കരുത്തുപകരുന്ന തന്റെ സഹപ്രവർത്തകരെ ചേർത്ത് നിർത്തുക വഴി തൊഴിലിടങ്ങളിൽ ഏവർക്കും മാതൃകയാക്കാവുന്ന പങ്കുവെക്കലിന്റെ സന്ദേശം കൂടെ പകർന്നു നൽകുകയാണ് അദ്ദേഹം.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരത്തിലുള്ള ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ഏറ്റവും മെച്ചപ്പെട്ട സേവനവും ഉറപ്പുവരുത്തുവാൻ സേഫ് ലൈൻ ഗ്രൂപ്പ് എല്ലായിപ്പോഴും ശ്രദ്ധചെലുത്താറുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങൾ സ്വന്തം സ്ഥാപനത്തിൽ ഉണ്ടായെങ്കിൽ മാത്രമാണ് തങ്ങൾ നൽകുന്ന സേവനങ്ങളും ഉയർന്ന നിലവാരത്തിൽ ഉള്ളതാവൂ എന്നുറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ഡോ. അബൂബക്കർ. അതിനാലാണ് നൂതന സാങ്കേതികതയിൽ രൂപം കൊണ്ട ഇലക്ട്രിക് ആഡംബര വാഹനങ്ങൾ തന്നെ അദ്ദേഹം പ്രിയപ്പെട്ട ജീവനക്കാർക്കായി തിരഞ്ഞെടുത്തത്.
0 Comments