ഇന്നാണ് ആ വിസ്മയ കാഴ്ച; രാത്രി ആകാശത്ത് ചുവന്ന ചന്ദ്രനെ കാണാം

ഇന്നാണ് ആ വിസ്മയ കാഴ്ച; രാത്രി ആകാശത്ത് ചുവന്ന ചന്ദ്രനെ കാണാം



ന്യൂഡൽഹി: ഇന്ന് രാത്രി അതായത് സെപ്റ്റംബർ ഏഴിന് വലിയൊരു ആകാശവിസ്മയമാണ് ലോകമെമ്പാടുമുള്ള ആളുകളെ കാത്തിരിക്കുന്നത്. ഇന്ന് കുറച്ചുനേരം ആകാശത്ത് നമുക്ക് ചുവന്ന ചന്ദ്രനെ കാണാം. രാത്രി നടക്കുന്ന പൂർണ ചന്ദ്രഗ്രഹണസമയത്താണ് ചുവന്ന ചന്ദ്രൻ ദൃശ്യമാവുക. രാത്രി 10നു ശേഷം കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും ചുവന്ന ചന്ദ്രനെ കാണാൻ കഴിയും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം. ഇന്ത്യ, ചൈന, ജപ്പാൻ, പടിഞ്ഞാറൻ ആസ്ട്രേലിയ, യൂറോപ്, ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ഏകദേശം 82 മി​നിറ്റോളം നീണ്ടു നിൽക്കുന്ന പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
പൂർണഗ്രഹണ സമയത്ത് ചന്ദ്രൻ ചുവന്ന നിറത്തിലാകുന്നതിനെ ബ്ലഡ് മൂൺ എന്നാണ് പറയുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. അപ്പോൾ ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും ഭൂമി. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കും. സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും വിസരണത്തിനും വിധേയമാകുന്നു. തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനില്‍ പതിക്കും. ഇതുമൂലമാണ് പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ പൂര്‍ണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് കടന്നുപോകുമ്പോൾ, അതിന്റെ നിഴൽ ചന്ദ്ര ഉപരിതലത്തിൽ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണം പല ഘട്ടങ്ങളിലായാണ് പൂർണമാകുന്നത്. ആദ്യം, ചന്ദ്രൻ ഭൂമിയുടെ മങ്ങിയ പുറം നിഴലായ പെനംബ്രയിലേക്ക് പ്രവേശിക്കുന്നു. തുടർന്ന് ഇരുണ്ട മധ്യ നിഴലായ അംബ്രയിലേക്ക് പ്രവേശിക്കുന്നു. ചന്ദ്രൻ അംബ്രയിലേക്ക് കൂടുതൽ ആഴത്തിൽ നീങ്ങുമ്പോൾ അത് ഇരുണ്ടുപോകാൻ തുടങ്ങുന്നു. ഇത് ഭാഗിക ഗ്രഹണത്തിലേക്ക് നയിക്കുന്നു. പൂർണമായും മുങ്ങിക്കഴിഞ്ഞാൽ ചന്ദ്രൻ സമ്പൂർണമായി ചുവപ്പാകുന്നു. ഇതാണ് സമ്പൂർണ ഗ്രഹണം.
നൂറ്റാണ്ടുകളുടെ ശാസ്ത്രീയ ധാരണകൾ ഉണ്ടായിരുന്നിട്ടും, ഗ്രഹണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. ഗ്രഹണ സമയത്ത് വീടിനുള്ളിൽ തന്നെ കഴിയുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യണമെന്ന് ചിലർ വിശ്വസിക്കുന്നു. ഗ്രഹണം പ്രകൃതിയിലെ സ്വാഭാവികമായ പ്രതിഭാസമാണ്. ഗ്രഹണം ആഘോഷിക്കുന്നതിനായി നിരവധി അമച്വർ ജ്യോതിശാസ്ത്ര ക്ലബ്ബുകൾ തത്സമയ സ്ട്രീമുകളും പൊതു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ചന്ദ്ര​ഗ്രഹണം കാണാൻ സൂ​ര്യഗ്രഹണം പോലെ പ്രത്യേക സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. തുറസ്സായ സ്ഥലത്ത് നിന്നോ വീടിന്റെ ടെറസിൽ നിന്നോ ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രഗ്രഹണം കാണാം. ഈയവസരം ആരും പാഴാക്കരുത്. കാരണം 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക. 2018ൽ ആണ് ഇതിനുമുൻപ് രാജ്യത്തെല്ലായിടത്തും ദൃശ്യമായ ചന്ദ്രഗ്രഹണമുണ്ടായത്.

Post a Comment

0 Comments