കൂളിയങ്കാൽ: മതസൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയായി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്ക് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നൽകി.
പരസ്പര സ്നേഹവും ബഹുമാനവും ഊട്ടിയുറപ്പിക്കുന്ന ഈ സംഗമം പ്രദേശവാസികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.
അരയി ശ്രി ഏരത്ത് മുണ്ട്യാ ദേവാലയത്തിൽ നീണ്ട 16 വരഷങ്ങൾക്ക് ശേഷം നടക്കുന്ന പുനപ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് ഇന്നലെ രാത്രി പതിനന്നെരയോടെ കൂളിയങ്കാൽ മസ്ജിദിൻ്റെ മുമ്പിലൂടെ കടന്നുപോയത്. ഘോഷയാത്ര മസ്ജിദ് കവാടത്തിന് സമിപം എത്തിയപ്പോൾ, മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികളെയും വിശ്വാസികളെയും മഹല്ല് കമ്മിറ്റി ഭാരവാഹികളും മറ്റും ചേർന്ന് സ്വീകരിച്ചു.
മഹല്ല് ഭാരവാഹികളും ക്ഷേത്രം കമ്മിറ്റി അംഗങ്ങളും തമ്മിൽ ഹസ്തദാനം ചെയ്ത് മധുരം കൈമാറുകയും ചെയ്തു.
ഇരു മത വിഭാഗങ്ങളിലേയും മുതിർന്ന വ്യക്തിത്വങ്ങളും യുവജനങ്ങളും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു.
ജാതി മത ചിന്തകൾക്കതിതമായി സ്നേഹവും ഐക്യവും നിലനിൽക്കുന്നു എന്നതിൻ്റെ സാക്ഷ്യമായി ഈ സംഭവം .
നാടിൻ്റെ സമാധാനത്തിനും ഐക്യത്തിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും നമ്മെളെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഈ സ്വീകരണം നൽക്കുന്നതെന്ന് മഹല്ല് പ്രസിഡണ്ട് ടി.അബൂബക്കർ ഹാജി പറഞ്ഞു.

0 Comments