തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇനി 164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്‌കെയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇവര്‍ ഇ-മെയിലിലൂടെ പരാതി നല്‍കിയത്. നവംബര്‍ 27-ന് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ എട്ടിന് മാത്രമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ വൈകിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

0 Comments