'അരിവാളുകൊണ്ട് ചില പരിപാടി അറിയാം, മുസ്‌ലിംലീഗ് നാളെ കരിദിനം ആചരിക്കേണ്ടിവരും'; ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്

'അരിവാളുകൊണ്ട് ചില പരിപാടി അറിയാം, മുസ്‌ലിംലീഗ് നാളെ കരിദിനം ആചരിക്കേണ്ടിവരും'; ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്



കോഴിക്കോട്: ഫറോക്കില്‍ ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റിയംഗം എ. സമീഷ് ആണ് പ്രകോപനം തുടര്‍ന്നാല്‍ മുസ്‌ലിംലീഗിന് നാളെ കരിദിനം ആചരിക്കേണ്ടിവരുമെന്നും തങ്ങള്‍ക്ക് അരിവാളുകൊണ്ട് ചില പരിപാടികള്‍ അറിയാമെന്നും അതിന് അവസരമുണ്ടാക്കരുതെന്നും പ്രസംഗിച്ചത്.


''കരുവന്‍തുരുത്തി പ്രദേശത്തും ഫറോക്കിലും സമാധാനം കാത്തുസൂക്ഷിക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനംമാത്രം ഞങ്ങള്‍ ഇവിടെ നടത്തിയിട്ടുള്ളത്. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം നിങ്ങള്‍ സൃഷ്ടിച്ചാല്‍ നാളെ ഇവിടെ മുസ്ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഒരു തര്‍ക്കവും നിങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാള്‍കൊണ്ടും ചില പരിപാടി അറിയാം. അത് ഇവിടുത്തെ മുസ്ലിം ലീഗുകാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അവസരം മുസ്ലിം ലീഗുകാരനായിട്ട് ഉണ്ടാക്കരുത്. ഇവിടെ നിങ്ങള്‍ ഇന്ന് ഒരു പടക്കമെടുത്തെറിഞ്ഞ്, ഒരു ഗുണ്ടെറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടിനകത്തേക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും നിങ്ങള്‍ ഉണ്ടാക്കി, ഇന്നും നിങ്ങള്‍ ഉണ്ടാക്കുന്നു'', സമീഷ് പറഞ്ഞു.

ഫറോക്ക് കരുവന്‍തുരുത്തിയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ വീടിന് നേരേ ആക്രമണമുണ്ടായെന്ന് ആരോപിച്ച് സിപിഎം കഴിഞ്ഞദിവസം പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു സമീഷ് ഭീഷണി മുഴക്കിയത്.

Post a Comment

0 Comments