എസ്‌ഐആര്‍ എന്യൂമറേഷന്‍ അവസാനിച്ചു; കരട് പട്ടിക 23ന്; പുതിയ വോട്ടര്‍മാരെ ചേര്‍ക്കാം

എസ്‌ഐആര്‍ എന്യൂമറേഷന്‍ അവസാനിച്ചു; കരട് പട്ടിക 23ന്; പുതിയ വോട്ടര്‍മാരെ ചേര്‍ക്കാം




എസ്.ഐ.ആര്‍ ഫോം പൂരിപ്പിച്ച് നല്‍കുന്ന നടപടികള്‍ (എന്യൂമറേഷന്‍) നടപടികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മരണം, സ്ഥലം മാറ്റം, ഫോം പൂരിപ്പിച്ച് നല്‍കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പട്ടികിയില്‍ നിന്ന് ഒഴിവാക്കിയവരുടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 18 വയസ്സ് പൂര്‍ത്തിയായവരടക്കം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കാമ്പയിന്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടു കൂടിയായിരിക്കും. കാമ്പയിന്‍.


23 മുതല്‍ ഒരുമാസം പരാതികള്‍ക്കും പുതുതായി വോട്ട് ചേര്‍ക്കാനും മാറ്റാനും അവസരമുണ്ടാകും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതി നല്‍കാം. പരാതികള്‍ പരിശോധിച്ച് ഇ.ആര്‍.ഒമാര്‍ നടപടിയെടുക്കും. എന്യൂമറേഷന്‍ ഫോം അടിസ്ഥാനമാക്കിയുള്ള ഹിയറിങ് കരട് പട്ടിക നിലവില്‍ വന്നശേഷമാണ് ആരംഭിക്കുക.

ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തവരടക്കമുള്ളവരെ ഹിയറിങ്ങിന് വിളിക്കുന്നത് സംബന്ധിച്ച് ഇ.ആര്‍.ഒമാരാണ് തീരുമാനിക്കുക. ഇതിനായി നിലവിലുള്ളവര്‍ക്ക് പുറമെ കൂടുതല്‍ ഇ.ആര്‍.ഒമാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.


കരട് സംബന്ധിച്ച പരാതികള്‍ ഇ.ആര്‍.ഒമാരെ അറിയിക്കാനും അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാനും അവസരമുണ്ടാകും. അതിനുശേഷവും പരാതി പരിഹരിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കാം. കരട് പട്ടികയില്‍ പോരായ്മകളും തെറ്റുകളും ഉണ്ടാകാം. അത് തിരുത്താനുള്ള അവസരമാണ് നല്‍കുന്നത്. അതിന് ശേഷം ഫെബ്രുവരി 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

വിദേശത്ത് ജനിച്ച പൗരന്മാരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ സംവിധാനമില്ലാത്തത് പരിഹരിക്കാന്‍ കമീഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്.ഐ.ആര്‍ നടപടികള്‍ക്കൊപ്പം പോളിങ് ബൂത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തുന്ന ക്രമീകരണവും നടത്തുന്നുണ്ട്. നിലവില്‍ 25468 ബൂത്തുകളാണുള്ളത്. പുതുതായി 5030 ബൂത്തുകള്‍ കൂടി വരും.

Post a Comment

0 Comments