'പോറ്റിയേ കേറ്റിയേ' വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്; കേസെടുക്കില്ല, കത്തും അയക്കില്ല

'പോറ്റിയേ കേറ്റിയേ' വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്; കേസെടുക്കില്ല, കത്തും അയക്കില്ല




തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ' വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടെന്ന് തീരുമാനം. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം നീക്കാന്‍ മെറ്റക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു. വിമർശനം രൂക്ഷമായതോടെയാണ് സർക്കാരിന്‍റെ പിന്മാറ്റം. കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമോയെന്നും സർക്കാറിന് ആശങ്കയുണ്ട്.


അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു പാട്ട് തയാറാക്കിയവരെ പ്രതിചേർത്ത് കേസെടുത്തത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.


പോറ്റിയേ കേറ്റിയേ'എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമീഷന് പരാതി നൽകുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.  'മതങ്ങളെയോ, മതസ്ഥാപനങ്ങളെയോ ദൈവങ്ങളെയോ മറ്റും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. അത് പരസ്യമായി ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പാട്ട് വോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ് എന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.


അതേസമയം, വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മെറ്റക്ക് കത്തയച്ചു. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വി.ഡി സതീശന്‍റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.  പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോനാണ് പാട്ടിന്റെ അണിയറ പ്രവർത്തകരുടെ നീക്കം.

പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനുറച്ച് തന്നെയാണ് പൊലീസ്. പൊലീസിന് ലഭിച്ച നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഇടതുപക്ഷം പാരടിപ്പാട്ടിൽ കേസെടുത്ത നടപടി ശരിയായില്ലന്ന പക്ഷമുള്ളവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡിക്കേസ് തുണക്കുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ കണക്ക് കൂട്ടൽ.  വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സി.പി.എം നടത്തുന്നുണ്ട്. അതേസമയം, പാരഡി ഗാനത്തിൽ കേസെടുത്തത് പാരഡിയെക്കാൾ വലിയ തമാശ എന്നാണ് പ്രതിപക്ഷ പരിഹാസം. കേസും ചർച്ചകളും ശബരിമല വിവാദം കുറെ കൂടി സജീവമാക്കാൻ ഉപകരിക്കുമെന്നാണ് യു.ഡി.എഫിന്‍റെ വിശ്വാസം.

Post a Comment

0 Comments