തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഇന്ന് മുതൽ ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി. ദീർഘനാളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ ഈ വർധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കും. പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോൾ നിരക്ക് 108.74 രൂപയായും മുംബൈയിൽ 106.68 രൂപയായും ചെന്നൈയിൽ 103.67 രൂപയായും ഉയർന്നു. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും പെട്രോൾ, ഡീസൽ അല്ലെങ്കിൽ എൽ.പി.ജി എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ അറിയിച്ചു. നിലവിൽ 60 ദിവസത്തേക്കുള്ള ഇന്ധനശേഖരവും 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും രാജ്യത്തുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് മൂലം എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ ഈ നഷ്ടം ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം വരും. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചതോടെയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധിനവ് രേഖപ്പെടുത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ