ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാനായി മുന്നേറിയ ഇൻഡ്യ സഖ്യ നേതാക്കളുടെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞെങ്കിലും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എട്ട് ഇൻഡ്യ മുന്നണി നേതാക്കൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി കൈമാറി. മണ്ഡി ഹൗസിന് തൊട്ടടുത്ത് വച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. ഡൽഹി ചലോ റാലിയെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഐസ നേതാവ് നേഹ ബോറ, മറ്റു ഇന്ത്യ സഖ്യ നേതാക്കൾ എന്നിവർ ഉടനടി തുറന്ന വാഹനത്തിലേക്ക് മാറ്റുകയും അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ആയിരക്കണക്കിന് പേരാണ് ഇൻഡ്യ സഖ്യത്തിൻ്റെ മാർച്ചിൽ അണിനിരക്കുന്നത്. ഇതിനിടയിൽ നിരവധി പേരെ ഡൽഹി പൊലീസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. നേരത്തെ ഏതാനും നേതാക്കളെ ചീഫ് ജസ്റ്റിസിനെ കാണാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ സുപ്രീം കോടതിയിലെത്തി പരാതി കൈമാറി.
വൻ ജനസാഗരം തന്നെയാണ് പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയുടെ തെരുവിലേക്കെത്തിയത്. ഇൻഡ്യ സഖ്യം ഇതുവരെ നടത്തിയ ഏറ്റവും ജനപങ്കാളിത്തമുള്ള പൊതുജന റാലിയായി ഇന്നത്തെ ഡൽഹി ചലോ മാർച്ച് ചരിത്രത്തിലിടം പിടിച്ചു. ചടുലവും ആസൂത്രിതവുമായ നീക്കങ്ങൾ സമരത്തിൻ്റെ ഭാഗമായി പങ്കുചേർന്ന ജനങ്ങളേയും ആവേശത്തിലാറാടിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്കാ ഗാന്ധി അടക്കമുള്ള എംപിമാരും, നേഹ ബോറ, യോഗേന്ദ്ര യാദവ് , അഖിലേഷ് യാദവ്, മമതാ ബാനർജി, എ. രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഈ വാഹനങ്ങളിലുണ്ട്. ഇൻഡ്യ മുന്നണി നേതാക്കൾക്കൊപ്പം വിവിധ സംഘടനാ പ്രവർത്തകരും ആയിരക്കണക്കിന് പൊതുജനങ്ങളും കാൽനടയായി അവരെ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിക്കൊണ്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ ഉയർത്തിക്കൊണ്ടും തീർത്തും സമാധാനപരമായാണ് മാർച്ച് മുന്നേറുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ