പൂനെ: പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ച പ്രതികളിലൊരാളെ പിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു. പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസില്‍ അറസ്റ്റിലായ 17 വയസുകാരനായ പ്രതിയ്ക്ക് നാല് മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചതില്‍ ക്രൂദ്ധനായാണ് പിതാവ് സ്വയം ശിക്ഷ നടപ്പിലാക്കിയത്.
പിതാവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ പ്രതിയുടെ അമ്മയ്ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്... കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബന്ധുകൂടിയായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി തന്നെ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാതിരുന്ന പ്രതിക്ക് ഇത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതില്‍ കുപിതനായ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പ്രതിയെ പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.തടയാന്‍ ചെന്ന മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. എന്നാല്‍ പേടിച്ചോടിയ ഇയാളെ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
0 Comments