സത്യം ആത്യന്തികമായി തെളിഞ്ഞു: പിണറായി

LATEST UPDATES

6/recent/ticker-posts

സത്യം ആത്യന്തികമായി തെളിഞ്ഞു: പിണറായി

തിരുവനന്തപുരം: ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടത്തിലും സത്യം തെളിഞ്ഞു എന്നതിന്റെ സ്ഥിരീകരണമാണ് ഹൈക്കോടതിവിധിയിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഈ ദിവസം കാത്തിരുന്ന പലരുമുണ്ട്. പോസിറ്റീവായി കണ്ടവരുമുണ്ട്. സത്യം നേരത്തേ തിരിച്ചറിഞ്ഞ ജനങ്ങളാണത്. എന്നാൽ ചില നിഗൂഢശക്തികൾ എല്ലാ കാലത്തും വേട്ടയാടാൻ പിറകെയുണ്ടായി. അത്തരം ശക്തികൾക്ക് വലിയ നിരാശയുണ്ടാക്കുന്നതാണ് വിധി'- പിണറായി പറഞ്ഞു.

ആദ്യം യു.ഡി.എഫ് ഭരണകാലത്ത് വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ തന്നെ പ്രതിയാക്കാനൊന്നും കണ്ടെത്താനായില്ല. രണ്ടാമത് കേസ് സി.ബി.ഐക്ക് വിട്ടു. എല്ലാ രേഖകളും പരിശോധിച്ചശേഷം കേസെടുക്കാൻ മാത്രം ഒന്നുമില്ലെന്ന നിഗമനത്തിലാണവർ എത്തിയത്. രാഷ്ട്രീയപ്രേരിതമായി സി.ബി.ഐക്ക് മേൽ ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് ഉദയം ചെയ്ത കേസാണിത്. അവർ കുറ്റപത്രം സമർപ്പിച്ച വേളയിൽ വലിയ തോതിലുള്ള വേട്ടയാടലുകളാണ് നടന്നത്. തന്നെ മുൻനിറുത്തി സി.പി.എമ്മിനെ വേട്ടയാടുന്നതാണ് കാണാനായത്. ആ സന്ദർഭത്തിൽ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് ഈ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത്. പിന്നീട് സി.ബി.ഐ കോടതി കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കേസ് ചാർജ് ചെയ്യത്തക്കതല്ലെന്ന് വിധിച്ചപ്പോൾ ആ കണ്ടെത്തൽ കൂടുതൽ വസ്തുതാപരമായി. അങ്ങനെ സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. പിണറായി വിജയനെ തെരഞ്ഞുപിടിച്ച് കേസിൽ ബലിയാടാക്കി എന്നാണ് ഹൈക്കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞതായി അറിയാനായത്. പല മന്ത്രിമാർ വന്നിട്ടും ഒരാളെ മാത്രം പ്രതിയാക്കിയെന്നാണ് പറയുന്നത്. ജുഡിഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവ് പുലർത്തിയാണ് താൻ പ്രവർത്തിച്ചിട്ടുള്ളത്. ആത്യന്തികമായി സത്യം കണ്ടെത്തുമെന്ന് താൻ വിശ്വസിച്ചിരുന്നു. ഹൈക്കോടതിവിധിയിലൂടെ അത് സംഭവിച്ചു. നേരത്തേ തന്നെ ജനം വിലയിരുത്തിക്കഴിഞ്ഞതാണിത്. തനിക്കെതിരായ കുറ്റാരോപണം വസ്തുതാപരമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനവിധി. ഇപ്പോൾ കേസിൽ സൂക്ഷ്മമായ എല്ലാ പരിശോധനകൾക്കും ശേഷം ഹൈക്കോടതിയും അതംഗീകരിച്ചു എന്നത് സന്തോഷകരമാണ്. തുടക്കത്തിലേ ഞങ്ങൾ കണ്ടെത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ കാര്യം ഇപ്പോൾ ഹൈക്കോടതിയും കണ്ടെത്തിയെന്നതും സന്തോഷകരമാണ്. ഊമക്കത്തുകളിലൂടെ അത് ബോദ്ധ്യപ്പെട്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കേസുമായി ചെന്നപ്പോൾ സി.ബി.ഐയോട് ഹൈക്കോടതി ഉയർത്തിയ ചോദ്യം, നിങ്ങൾ രാഷ്ട്രീയപ്രേരിതമായാണോ ഇത് കൈകാര്യം ചെയ്യുന്നത് എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പ്ഘട്ടം വന്നപ്പോഴായിരുന്നു അത്. തിരഞ്ഞെടുപ്പ്ഘട്ടം വരാൻ നിങ്ങൾ കാത്തിരിക്കുകയായിരുന്നോ എന്നാണ് അന്ന് കോടതി ചോദിച്ചത്. കേരളത്തിന്റെ വികസന പദ്ധതികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ വിധി കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments