ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വെള്ളിയാഴ്‌ച വിധി

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വെള്ളിയാഴ്‌ച വിധി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. തുടർന്ന് കേസ് വിധിപറയാനായി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് പ്രോസിക്യൂഷൻ എതിർത്തത്. ദിലീപ് കിംഗ് ലയർ (നുണകളുടെ രാജാവ്) ആണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബ്ബ് ജീവനക്കാരൻ ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

അതേസമയം, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം. പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസിന്റെ നിലപാട് ശരിയല്ലെന്നും രാമൻപിള്ള പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പൊലീസ് കേസിൽ കുടുക്കിയത്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലുള്ള പൾസർ സുനി പല കഥകളും പറയുന്നത് പോലെ ദിലീപിന്റെ പേരും പറയുകയാണ്. നടിയുടെ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പൊലീസ് വാദം തെറ്റാണ്. സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ച് വന്നു എന്നല്ലാതെ കണ്ടതിന് തെളിവില്ലെങ്കിൽ ഗൂഢാലോചന എങ്ങനെ ആരോപിക്കും ? മൊബൈൽ ടവറിന് മൂന്ന് കിലോമീറ്ററിലേറെ പരിധിയുണ്ട്. സുനിക്ക് ദിലീപിന്റെ നമ്പർ പോലും അറിയില്ല.

ഷൂട്ടിംഗിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സ്വന്തം കാരവൻ ഉള്ളപ്പോൾ എല്ലാവരും കാണുന്ന രീതിയിൽ പുറത്ത് നിന്ന് ഗൂഢാലോചന നടത്തേണ്ടതുണ്ടോ ? പൊലീസ് കണ്ടെടുത്ത ഒമ്പത് മൊബൈൽ ഫോണുകളിൽ നിന്ന് സുനിയുടെ ഒരു കോൾ പോലും ദിലീപിന് പോയിട്ടില്ല. നാല് വർഷത്തെ ഗൂഢാലോചന ആയിരുന്നെങ്കിൽ ഇതിനിടയ്ക്ക് ഒരിക്കലെങ്കിലും വിളിക്കില്ലേ ? ഒരു കള്ളന്റെ കുമ്പസാരം കണക്കിലെടുത്ത് പൊലീസ് കുരിശിലേറ്റുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കില്ല. സംഭവത്തിന്റെ ആസൂത്രകൻ പൾസർ സുനിയാണ്. സുനിക്ക് നടിയെ നേരത്തേ പരിചയമുണ്ട്. പൊലീസ് ഇതുവരെ ഒമ്പത് ഫോണുകളും 11 സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. പൾസർ സുനി പോയിടത്തെല്ലാം ഓരോ ഫോൺ ഉപേക്ഷിച്ചിട്ടുണ്ട്. പൾസറിനെതിരെ 26 കേസുകൾ നിലവിലുണ്ട്. ഇയാൾ ജയിലിൽ നിന്നെഴുതിയെന്ന് പറയുന്ന കത്ത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഏപ്രിൽ 18 ന് അപ്പുണ്ണിയെ ഫോണിൽ വിളിച്ചപ്പോൾ സുനി രണ്ട് കോടി രൂപ ചോദിച്ചു. ഇതാണ് പരാതിയിൽ എഴുതിയത്. എന്നാൽ ഒന്നരക്കോടി ദിലീപ് വാഗ്ദാനം ചെയ്‌തെന്ന് പൊലീസ് കഥയുണ്ടാക്കി. സംഭവത്തിൽ പങ്കുണ്ടായിരുന്നെങ്കിൽ ഈ പണം നൽകി കേസ് ഒതുക്കുമായിരുന്നില്ലേ ? സുനി ജയിലിൽ നിന്നയച്ച കത്ത് കൈമാറിയ വിഷ്ണുവിനെതിരെ 28ഓളം കേസുകളുണ്ട്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണ് സുനിൽ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ പണം കൊടുത്ത് കേസ് ഒതുക്കാൻ ശ്രമിക്കില്ലേയെന്നും രാമൻപിള്ള ചോദിച്ചു.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനാണെന്ന് പറഞ്ഞ് ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതു ന്യായമല്ല. ഫോൺ എവിടെ നിന്ന് കണ്ടെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കണം. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് നടി മൊഴി നൽകിയെങ്കിലും ഇതന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്ന് പോലും ചോദിച്ചില്ല. തന്നോട് ശത്രുതയുള്ള ലിബർട്ടി ബഷീറോ ശ്രീകുമാർ മേനോനോ ആകാം കേസിന് പിന്നിലെന്ന് വിശ്വസിക്കുന്നു. എ.ഡി.ജി.പി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ, അതെങ്ങനെയാണ് കേസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. നടിയുടെ പേര് രണ്ട് തവണ പരാമർശിച്ച അഡ്വ. ബി രാമൻപിളളയെ കോടതി വിലക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു.

Post a Comment

0 Comments