ചർളടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ചർളടുക്കയിൽ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന മൊബൈൽ ഫോൺ ടവറിനെതിരെ വ്യാപക പ്രതിഷേധം. ചെർക്കള - കല്ലടുക്ക ഹൈവേക്കരികിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ടവർ നിർമ്മാണം ആരംഭിച്ചത്. ഇതിനായി പഞ്ചായത്തിൽ നിന്നുള്ള അനുമതിയും കമ്പനി നേടിയിരുന്നു. എന്നാൽ ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്തെ ടവർ നിർമ്മാണത്തിനെതിരെ ആരോഗ്യപരമായ ആശങ്ക ചൂണ്ടിക്കാട്ടി ജനങ്ങൾ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, പഞ്ചായത്തധികൃതർ തുടങ്ങിയവർക്ക് പരാതി സമർപ്പിക്കുകയായിരുന്നു. ടവർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ തൊട്ടടുത്ത് തന്നെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെൻറും 200 മീറ്റർ ചുറ്റളവിലായി ഇരുപത്തഞ്ചോളം വീടുകളും നിലവിലുണ്ട്. കൂടാതെ 350 കുട്ടികൾ പഠിക്കുന്ന മദ്റസയും ചേടിക്കാന എസ്.സി കോളനിയും ഇതിന്റെ സമീപത്താണുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചർളടുക്ക ബദരിയ ജുമാ മസ്ജിദ് കമ്മിറ്റിയും നാട്ടുകാരും വിവിധ സംഘടനകളും അധികൃതരെ സമീപിച്ചതിന്റെ ഫലമായി നിർമ്മാണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് സ്റ്റേ ചെയ്തിരിക്കുകയാണ്. നിർമ്മാണ കമ്പനിയെയും പരാതിക്കാരെയും ചർച്ചയ്ക്കായി വിളിപ്പിച്ചിട്ടുമുണ്ട്. ഇതു സംബന്ധിച്ച് ഡി.റ്റി.സി യോഗത്തിൽ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഗ്രാമ പഞ്ചായത്തിനോടും വില്ലേജ് ഓഫീസറോടും അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിലെ മൊബൈൽ ഫോൺ ടവർ നിർമ്മാണം ഉപേക്ഷിച്ച് ജനവാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പൂർണമായും നേടിയെടുക്കുന്നതു വരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി ഗ്രാമ പഞ്ചായത്തംഗം മുനീർ ചെടേക്കാൽ ചെയർമാനും എം.പി.ഹനീഫ ഗോവ കൺവീനറുമായി പതിമൂന്നംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
റസാഖ് പെർള, ജമാൽ മൂക്കുത്തി, ഇബ്രാഹിം ഖാസിമി, അബ്ദുൽ ഖാദർ ഫൈസി, സാദിഖ് ചർളടുക്ക, എച്ച്.കരീം, രിഫാഇ ചർളടുക്ക, ഷാഫി പാറ എന്നിവരാണ് സമര സമിതി അംഗങ്ങൾ.
0 Comments