വെള്ളരിക്കുണ്ട്: മലയോര ജനതയുടെ പരിദേവനങ്ങള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ വെള്ളരിക്കുണ്ട് താലൂക്കില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് നിരവധിയാളുകള്‍ക്ക് ആശ്വാസമേകി.തിങ്കളാഴ്ച രാവിലെ പത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്തില്‍ ജില്ലാ കളക്ടര്‍ക്കു പുറമേ എ ഡി എം എച്ച്.ദിനേശന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.വിനോദ് കുമാര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ വി.എ.ബേബി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഓണ്‍ലൈനായും നേരിട്ടും നേരത്തേ സ്വീകരിച്ച 230 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കൈമാറിയ അപേക്ഷകളില്‍ 118 എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വീട് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം വീട് പട്ടയം എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല. പരാതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയ കേസുകളില്‍ തൃപ്തികരമല്ലെന്ന് പരാതിയുള്ളവരാണ് അദാലത്തില്‍ കളക്ടറെ നേരില്‍ കണ്ടത്. പരപ്പ വില്ലേജിലെ കൂടോലിലെ എട്ട് കുടുംബങ്ങള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഒടയഞ്ചാല്‍ ചെറുപുഴ റോഡിന്‍റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിലെ മാവ്വേനി പട്ടികജാതി ക്ഷേമ മാതൃകാ നഴ്സറി സ്കൂള്‍ ടീച്ചര്‍ക്ക് നല്‍കുന്ന പ്രതിഫലം മാസം ആയിരം രൂപയില്‍ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സര്‍ക്കുലറിന് അനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്.
പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍
ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ വിവിധ വകുപ്പുകളില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും കൗണ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥലം അളന്ന് നല്‍കാനും ബാങ്ക് വായ്പ എഴുതിതള്ളാനും പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചുമാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പരപ്പ കവുങ്ങും പാറയിലെ കെ സഫിയയായിരുന്നു ആദ്യപരാതിക്കാരി. സ്ഥലം അളന്നുതിട്ടപ്പെടുത്തി നല്‍കണമെന്നായിരുന്നു അപേക്ഷ. പുതിയതായി 100 പരാതികള്‍ ലഭിച്ചു.
കളക്ടറുടെ താലൂക്ക്പരാതി പരിഹാര അദാലത്ത്, 230 അപേക്ഷകള്‍ പരിഗണിച്ചു
വെള്ളരിക്കുണ്ട് താലൂക്കില്‍ ജില്ലാ കലക്ടര്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ മൊത്തം 230 അപേക്ഷകളാണ് പരിഗണിച്ചത്. 118 അപേക്ഷകള്‍ റവന്യു വകുപ്പിനും ബാക്കി 112 പരാതികള്‍ വിവിധ വകുപ്പുകളും പരിഗണിച്ചു. പഞ്ചായത്ത് 41, കാഞ്ഞങ്ങാട് വ്യവസായ വികസന വകപ്പ് 1, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് 5, കാസര്‍കോട് സ്പെഷല്‍ തഹസില്‍ദാര്‍(എല്‍ ആര്‍) 4, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ 1, കാഞ്ഞങ്ങാട് സഹകരണ വകുപ്പ് അസി. രജിസട്രാര്‍ (ജനറല്‍) 7, ക്ഷേമനിധി ഓഫീസ് , കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് , കാഞ്ഞങ്ങാട് 1, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) കാഞ്ഞങ്ങാട് 1, ചിറ്റാരിക്കല്‍ കൃഷി ഓഫീസര്‍ 3, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ 1, രാജപുരം കെ എസ് ഇ ബി അസി.എഞ്ചിനീയര്‍ 2, ഭീമനടി കെ എസ് ഇ ബി അസി.എഞ്ചിനീയര്‍ 4, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ 1, രാജപുരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 1, ബളാല്‍ സബ് രജിസ്ട്രാര്‍ 1, കാഞ്ഞങ്ങാട് എക്സൈസ് ഇന്‍സ്പെക്ടര്‍ 1, പി ഡബ്ളിയു ഡി (റോഡ്സ് ) അസി.എഞ്ചിനീയര്‍ ഭീമനടി 2, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ 35 എന്നിങ്ങനെയാണ് വിവിധ വകുപ്പുകളില്‍ പരിഗണിച്ച അപേക്ഷകള്‍.
0 Comments