കോട്ടയം: ഭക്ഷണം വാങ്ങാന്‍ പോയി കാണാതായ ദമ്പതികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്താന്‍ സ്വകാര്യ ഡിറ്റക്ടീവ് സംഘം വരുന്നു. താഴത്തങ്ങാടി അറുപാറയില്‍ നിന്ന് ഏപ്രിലില്‍ കാണാതായ ഹാഷിം(42), ഹബീബ(37) എന്നിവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് വിദഗ്ദ അന്വേഷണം ആരംഭിക്കുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക തിരച്ചില്‍ യന്ത്രമുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് ഇന്റര്‍ ഡൈവ് സംഘമെത്തുന്നത്. ഇതിനു മുന്നോടിയായ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഏപ്രില്‍ 6നാണ് കാറുമായി പോയ ഇരുവരേയും കാണാതായത്.
രജിസ്റ്റര്‍ ചെയ്യാത്ത പുതിയ കാറായിരുന്നു ഇവരുടേത്. പോകുമ്പോള്‍ ഫോണ്‍, പേഴ്‌സ്, പണം എന്നിവ എടുത്തിരുന്നില്ല. കാണാതാകുന്നതിന് തലേദിവസം ഹാഷിം പീരുമേടില്‍ പോയിരുന്നെന്ന് മൊബൈല്‍ സിഗ്നലില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. മറ്റാരെയും അറിയിക്കാതെയായിരുന്നു യാത്രയെന്നതും ദുരൂഹമാണ്. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യ പ്രവണത കാണിച്ചിട്ടുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിഷാദ രോഗത്തിനും ചികിത്സ തേടിയിരുന്നു. ആഴമുള്ള കൊക്കയിലേയ്‌ക്കോ ജലാശയത്തിലേയ്‌ക്കോ കാറോടിച്ചിറക്കിയുള്ള ആത്മഹത്യയും പോലീസ് തള്ളുന്നില്ല. മാനസിക നിലതെറ്റിയ നിലയില്‍ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
75 പേരേ ഇതുവരെ ചോദ്യം ചെയ്തു. ദമ്പതികള്‍ക്ക് ശത്രുക്കളൊന്നുമില്ലെന്നും വ്യക്തമായി. 39 സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചു. ഹൈറേഞ്ചിലെ 10 സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ഇടുക്കിയിലെ മത്തായികൊക്ക, വളഞ്ഞങ്ങാനം, മുറിഞ്ഞപുഴ, കൊടിക്കുത്തി, പീര്‍മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, ഏദന്‍ മൗണ്ട്, ബോയ്‌സ് എസ്‌റ്റേറ്റ്, പാഞ്ചാലിമേട്, പത്തുമല എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് വിദഗ്ദ സംഘം പരിശോധന നടത്തിയത്.
0 Comments