എൽ.ഡി.എഫ് പൊളിക്കാനല്ല ജനജാഗ്രതാ യാത്ര നടത്തുന്നത്: കാനം

എൽ.ഡി.എഫ് പൊളിക്കാനല്ല ജനജാഗ്രതാ യാത്ര നടത്തുന്നത്: കാനം

കൊച്ചി: ഇനിയും കായൽ കൈയേറുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി ജനജാഗ്രതാ യാത്രയുടെ ക്യാപ്ടനും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ രംഗത്ത്. എൽ.ഡി.എഫ് പൊളിക്കാനല്ല ,​ ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്ന് കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇനിയും കായൽ​ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാനില്ല. തോമസ് ചാണ്ടി ആലപ്പുഴയിൽ വച്ച് പറഞ്ഞതിന് അതേവേദിയിൽ വച്ച് തന്നെ താൻ മറുപടി പറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിന്റെ നിലപാട് എന്താണെന്നും വിശദീകരിച്ചതാണെന്നും കാനം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ പറയുന്നത് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. നിയമം എല്ലാവർക്കും ബാധകമാണ്. തോമസ് ചാണ്ടി കായൽ കൈയേറിയിട്ടുണ്ടെങ്കിൽ ഉചിതമായ നിയമനടപടികൾ ഉണ്ടാവും. ഒരു നിയമവും ഒറ്റരാത്രി കൊണ്ട് നടപ്പാവില്ല. ആരോപണങ്ങൾ പരിശോധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

മാർത്താണ്ഡം കായലിൽ മണ്ണിട്ടു നികത്തിയതല്ല, പൊതുവഴി വൃത്തിയാക്കുകയായിരുന്നു. ഇവിടെ ഇപ്പോൾ ചെയ്‌തപോലെ ബാക്കിയുള്ള 42 പ്ലോട്ടുകളിലേക്കും വഴി നിർമിക്കും. അന്വേഷണം നടക്കുന്നതേയുള്ളൂ. തനിക്കെതിരെ ചെറുവിരൽ പോലും അനക്കാൻ ഉദ്യോഗസ്ഥർക്കാവില്ലെന്നുമായിരുന്നു തോമസ് ചാണ്ടി ആലപ്പുഴയിൽ ഇന്നലെ പറഞ്ഞത്.

Post a Comment

0 Comments