ന്യൂഡൽഹി: താജ്മഹൽ സന്ദർശിച്ച് മടങ്ങവെ നാലംഗ സംഘത്തിന്റെ മർദ്ദനത്തിനിരയായ സ്വിസ് ദമ്പതികൾക്ക് കേന്ദ്രസർക്കാർ ചെലവിൽ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ താമസിക്കാനുള്ള സൗകര്യമേർപ്പെടുത്തി. ആശുപത്രിയിൽ ദമ്പതികളെ സന്ദർശിച്ച് മടങ്ങിയ കേന്ദ്രടൂറിസം വകുപ്പ്മന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾ സുഖംപ്രാപിച്ചാൽ ഡൽഹിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഐ.ടി.ഡി.സി ഹോട്ടലിൽ സൗജന്യ താമസം ഒരുക്കാമെന്ന് കണ്ണന്താനം കത്തിലൂടെയാണ് അറിയിച്ചത്.ഈ ഫ്രീ ഓഫർ ദമ്പതികൾക്ക് ഏത് ദിവസം വേണമെങ്കിലും തിരഞ്ഞെടുക്കാം. ദമ്പതികളുടെ താമസത്തിനൊപ്പം ഭക്ഷണവും സർക്കാർ വഹിക്കുമെന്ന് അറിയിച്ച അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
താജ്‌മഹലും ഫത്തേപൂർ സിക്രിയും സന്ദർശിച്ച് മടങ്ങുന്നതിനിടെ ഒക്ടോബർ 22നാണ് സ്വിറ്റ്സർലാൻഡ് സ്വദേശികളായ ക്വെന്റിൻ ജെർമി ക്ലെർക്ക് (24) സുഹൃത്തായ മാരി ഡ്രോക്‌സും(24) ക്രൂരമായി ആക്രമിക്കപ്പെട്ടത്. നാല് പുരുഷന്മാർ ചേർന്ന് ഇരുവരെയും ഒരുമണിക്കൂറുകളോളം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ദമ്പതിമാരോട് അശ്ലീല സംഭാഷണത്തിന് മുതിർന്ന സംഘം കുറച്ച് കഴിഞ്ഞപ്പോൾ ഇവരെ തടഞ്ഞു നിർത്തി അക്രമിക്കുന്നതിലേക്ക് കടന്നു. അടികൊണ്ട് താൻ തറയിൽ വീണെങ്കിലും സംഘം ആക്രമണം തുടർന്നതായും ജെർമി പറഞ്ഞു.ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ജെർമിയുടെ കേൾവിശക്തി ഏതാണ്ട് നശിച്ച നിലയിലാണ്. ഇയാളുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും തലയോട്ടിക്ക് ക്ഷതമുണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു. എന്നാൽ സംഭവത്തിൽ ആർക്കെതിരെയും പരാതിയില്ലെന്ന് ദമ്പതികൾ നിലപാടെടുത്തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.
0 Comments