ചൊവ്വാഴ്ച, മേയ് 15, 2018
ബംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസിനെ നിലംതൊടാതെ പറപ്പിച്ച് കർണാടകയിൽ ബി.ജെപിയുടെ തേരോട്ടം. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോൺഗ്രസ്  65 സീറ്റിൽ ഒതുങ്ങി. നിർണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദൾ എസ് 40 സീറ്റ് നേടി. സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും ഉണ്ടാകുകയെന്ന എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിയുടെ കാവിക്കാറ്റിൽ തകർന്നടിഞ്ഞു. ഇതോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി തനിച്ച് ഭരണം കൈയാളുന്ന അവസ്ഥയാണുള്ളത്.

രാവിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോൺഗ്രസും കാഴ്ചവച്ചത്. ഒരവസരത്തിൽ കോൺഗ്രസ് മുന്നേറിയെങ്കിലും തീരദേശ,​ മദ്ധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു. കർണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോൺഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു. ശിക്കാരിപുരയിൽ നിന്ന് മത്സരിച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പയുടെ പ്രഭാവം സമുദായ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കുന്നതിന് ഇടയാക്കി. സർവ മേഖലകളിലും കോൺഗ്രസിനെ തൂത്തെറിയുന്ന പ്രകടനമാണ് ബി.ജെ.പി കാഴ്ചവച്ചത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടു. അതേസമയം,​ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്.യെദിയൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയം കണ്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാജിക്കൊന്നും തിരഞ്ഞെടുപ്പിൽ ഫലിച്ചില്ലെന്നുവേണം കരുതാൻ. ഗുജറാത്തിലെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർക്കുനേർ നിന്ന പ്രചാരണത്തിൽ വീണ്ടും വിജയം മോദിയുടെ ഭാഗത്തായി. പരാജയത്തോടെ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും. ഒരുകൊല്ലത്തിനകം പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രതീക്ഷിച്ച ഇടങ്ങളിലെല്ലാം കോൺഗ്രസിന് കാലിടറിയപ്പോൾ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. സംസ്ഥാനത്ത പ്രബല സമുദായമായ ലിംഗായത്തുകളെ ഒപ്പം നിറുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷ പദവിയോടുള്ള പ്രത്യേക മതപദവി ശുപാർശ ചെയ്തിരുന്നു. എന്നിട്ടും ലിംഗായത്തുകൾ കോൺഗ്രസിനെ കാര്യമായി തുണച്ചില്ല. അവർ ബി.ജെ.പിക്കൊപ്പം തന്നെ നിന്നു. കർണാടകയിലെ പ്രധാന മേഖലകളിലും കോൺഗ്രസിന് ലഭിച്ചത് തിരിച്ചടി മാത്രം. ഹൈദരാബാദ് കർണാടക, മുംബയ് കർണാടക, മദ്ധ്യ കർണാടക, തീരദേശ കർണാടക, ബംഗളൂരു എന്നിവിടങ്ങളിലും ബി.ജെ.പിയാണ് മുന്നിൽ. തങ്ങളുടെ ശക്തി കേന്ദ്രമായ മൈസൂർ മേഖല നിലനിറുത്താൻ ജെ.ഡി.എസിന് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിക്ക മേഖലകളിലും വൻ ലീഡ് നിലനിറുത്തിയ കോൺഗ്രസ് ഇക്കുറിയ തീരദേശ മേഖലയിലും മൈസൂരും നിലനിറുത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വോട്ടർമാർ കൈയൊഴിഞ്ഞതോടെ ഭരണം നഷ്ടപ്പെടുന്ന  അവസ്ഥയിലെത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ