കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹരജി: സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണം

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹരജി: സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണം

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ പത്ത് സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കാന്‍ ഭീഷണിയുണ്ടെന്ന് ഹൈക്കോടതി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികള്‍ക്ക് ഭീഷണിമൂലം സമന്‍സ് നല്‍കാനാവുന്നില്ലെന്ന് ഹൈക്കോടതിയിലെ ജീവനക്കാര്‍ തന്നെ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയോട് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.
മുസ്‌ലിംലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹരജി നല്‍കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമന്‌സ് അയച്ചത്.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ടു നടന്നതായാണ് സുരേന്ദ്രന്റെ ആരോപണം. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം. ഹരജി വീണ്ടും അടുത്തമാസം 11ന് കോടതി പരിഗണിക്കും.

Post a Comment

0 Comments