വെള്ളിയാഴ്‌ച, ജൂലൈ 13, 2018
ന്യുഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമയം അനുവദിച്ചു. ഈ മാസം 19ന് മുഖ്യമന്ത്രി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘവുമായി കൂടിക്കാഴ്ച അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍പ് നാലു തവണ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. റേഷന്‍ പ്രതിസന്ധി, കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ അനുമതി റദ്ദാക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനം നേരിടുമ്പോഴാണ് കഴിഞ്ഞ തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നത്. ഇത് നിഷേധിക്കപ്പെട്ടതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. റെയില്‍വേ വിഷയത്തില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലവില്‍ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ആയിരിക്കുന്ന മുഖ്യമന്ത്രി 18നാണ് തിരിച്ചെത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതോടെ 19ന് തന്നെ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകാനാണ് സാധ്യത. റേഷന്‍ വിഹിതം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നേക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ