ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അതൃപ്തി. കണ്ണന്താനത്തെ വിളിച്ചു വരുത്തി പ്രധാനമന്ത്രി ഇക്കാര്യം ചോദിച്ചു. യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.
സര്‍വകക്ഷി സംഘം ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രി തള്ളുകയും ചെയ്തു. ഏഴ് ആവശ്യങ്ങളാണ് കേരള സംഘം ഉന്നതിച്ചത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഇളവുകള്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കെടുതി നേരിടാന്‍ ധനസഹായം തുടങ്ങിയ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. എന്നാല്‍ മഴക്കെടുതി ഒഴികെ മറ്റ് ആവശ്യങ്ങളെല്ലാം പ്രധാനമന്ത്രി തള്ളി. മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടികയും സര്‍വകക്ഷി സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.
അതേസമയം ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ കേരളത്തിന് പ്രത്യേകമായി ഇളവ് നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ശബരി റെയില്‍ പദ്ധതി സംബന്ധിച്ച് യാതൊരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയില്ല. എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളോട് കൂടി ആലോചിച്ച ശേഷം അറിയിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും അത് കേരളത്തിന് കൈമാറണമെന്നും സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടു. എന്നാല്‍ എച്ച്.എം.ടിയെ കൈമാറാനുള്ള ലേലത്തില്‍ കേരളത്തിനും പങ്കെടുക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. കൂടിക്കാഴ്ച നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ചു വരുത്തി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ആയിരുന്നിട്ടും എന്തുകൊണ്ട് സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. അതേസമയം തന്നെ വിളിക്കാതിരുന്നതില്‍ ഖേദമില്ലെന്നും വിളിക്കാതിരുന്നത് ശരിയോ തെറ്റോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
0 Comments