
കാഞ്ഞങ്ങാട്: ജില്ലയില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമായി. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് എ.ഡി.എം അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30നാണ് കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ദേവിദാസ് അവധി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം അറിഞ്ഞതാവട്ടെ വളരെ വൈകിയും, സമയമാവുമ്പോഴെക്കും വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോയിരുന്നു. സ്‌കൂള്‍ ബസുകള്‍ വീട്ടിലെത്തി കുട്ടികളെ സ്‌കൂളിലെത്തിച്ചിരുന്നു. അധ്യാപകര്‍ സ്‌കൂളിലെത്തിയിരുന്നു. ദൂര സ്ഥലത്ത് നിന്ന് സ്‌കൂളുകളിലെത്തുന്ന അധ്യാപകരും വിദ്യാര്‍ഥികളും എ.ഡി.എമി ന്റെ അവധി പ്രഖ്യാപനത്തില്‍ കുരുങ്ങി പോയി. റെയില്‍വേ സ്റ്റേഷനിലെത്തി സ്‌കൂളില്‍ പോകാനൊരുങ്ങി നിന്ന പല അധ്യാപകരും അവിടം വിട്ട് വീട്ടിലേക്ക് പോകുകയും ചെയ്തു. സാധാരണ ഒരു ദിവസം മുമ്പെങ്കിലും അവധി പ്രഖ്യാപിക്കുകയാണ് കലക്ടര്‍മാര്‍ ചെയ്യുക പതിവ്. അത് എ.ഡി.എം തെറ്റിച്ചു. അതേ സമയം, എ.ഡി.എം അവധി പ്രഖ്യാപിച്ചത് വിശ്വസിക്കാന്‍ തയ്യാറാവാത്ത പല വിദ്യാഭ്യാസ സ്ഥാപന മേധാവികളും എ.ഡി.എമ്മിനെ വിളിച്ച് അവധി വിവരം ചോദിച്ചറിയുകയും ചെയ്തു.
0 Comments