പെരിയ: മലഞ്ചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കാഞ്ഞിരടുക്കത്തെ തോമസ് പൈനാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള പൈനാപ്പള്ളില്‍ ട്രേഡേഴ്‌സ് എന്ന കട കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. അഞ്ചര ക്വിന്റല്‍ കുരുമുളക്, രണ്ടേകാല്‍ ക്വിന്റല്‍ അടയ്ക്ക, രണ്ടു ക്വിന്റല്‍ റബര്‍, 20 കിലോ ജാതിയ്ക്ക എന്നിവയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷട്ടറിന്റെ മധ്യഭാഗത്തെ പിടിയില്‍ കയറുകൊണ്ടു
വണ്ടിയില്‍ ബന്ധിപ്പിച്ചശേഷം വണ്ടി മുന്നോട്ടെടുത്ത് ഷട്ടര്‍ തകര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം. സമീപപ്രദേശങ്ങളായ ബേഡകം കാഞ്ഞിരത്തുങ്കാല്‍, മുന്നാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും സമാനരീതിയിലുള്ള കവര്‍ച്ചയാണ് നടന്നത്. കഴിഞ്ഞ രണ്ടുമാസമായി ജില്ലയിലെ മലഞ്ചരക്ക് കടകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാണ്. മിക്ക സംഭവങ്ങളിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതിനാല്‍ വ്യാപാരികള്‍ ആശങ്കയിലാണ്.
0 Comments