കണ്ണൂരിലെ 'വാട്സാപ്പ് അശ്ലീല വിവാദം'; ഇടത് കൗൺസിലർക്കെതിരെ കേസെടുത്തു

കണ്ണൂരിലെ 'വാട്സാപ്പ് അശ്ലീല വിവാദം'; ഇടത് കൗൺസിലർക്കെതിരെ കേസെടുത്തു

കണ്ണൂർ: കോർപ്പറേഷൻ കൗൺസിലർമാരുടെ ഔഗ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിൽ ഇടത് കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സുമ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഐടി ആക്റ്റിലെ വകുപ്പ് 66 പ്രകാരം ടൗൺ പൊലീസ്  കേസ് എടുത്തത്.

രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ഭര്‍ത്താവുമടക്കം സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട അനാശാസ്യ വിവാദമാണ് കണ്ണൂര്‍ കോര്‍പറേഷനെ പിടിച്ചുലക്കുന്നത്.

സിപിഎം വനിതാ കൗൺസിലറുടെ ഭർത്താവ് മറ്റൊരു സ്ത്രീയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീലകാര്യങ്ങൾ പറയുന്നതാണ് സംഭാഷണത്തിലുള്ളത്. ഡിവൈ എഫ് ഐ നേതാവ് കൂടിയായ കൗൺസിലറുടെ ഭർത്താവിനെതിരെ പാർട്ടി നടപടിയെടുത്തു. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വന്നത്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറ്റെടുത്തു.

ഒറ്റ കൗണ്‍സിലറുടെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം നടത്തുന്നത്. കോർപറേഷനിൽ ഒരു വിമത കോൺഗ്രസ് അംഗമായ പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. രാഗേഷിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം അണിയറയിൽ സജീവമായ സന്ദർഭത്തിലാണ് യു.ഡി.എഫിന് മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്.


ഇതിനിടെ, മറ്റൊരു സംഭവത്തിൽ പി കെ ശ്രീമതി ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച 35 പേർക്ക് എതിരെയും ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പി.കെ. ശ്രീമതിക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നേരത്തെ യൂട്യൂബിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെയാണ് എം.പിയെ അപമാനപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങളടങ്ങിയ പോസ്റ്റിട്ടത്.

Post a Comment

0 Comments