കാന്‍സറിന് കാരണമാകുന്ന പൊളിവിനൈല് ക്ലോറൈഡ് (പിവിസി) പൈപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി. ചെന്നൈ ബഞ്ചിന് കീഴിലുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കാന്‍സറിന് കാരണമാകുന്ന പിവിസി നിരോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി വംഗപുള്ളി സുരേന്ദ്ര റാവു എന്നയാളാണ് ഹര്‍ജി നല്‍കിയത്.
സ്ത്രീകളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നതിന് പ്രധാന കാരണം പിവിസി പൈപ്പുകളാണ് എന്നും അത് നിരോധിക്കണം എന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സര്‍ക്കാരിന്റെ ജലവിതരണ, പബ്ലിങ് ജോലികളില്‍ പിവിസി പൈപ്പ് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ട്രൈബ്യൂണല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിലപാട് അറിയിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ കക്ഷി ചേരാനാണ് കേരളത്തിന്റെ തീരുമാനം. പിവിസി പൈപ്പുകള്‍ക്ക് പകരം കളിമണ്‍ ഉപയോഗിച്ചുള്ള വിസിപി പൈപ്പുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണം. പിവിസി നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിസിപി പൈപ്പുകള്‍ നിര്‍മ്മിക്കാം.
സ്ത്രീകളിലെ ആന്തരാവയവ കാന്‍സറുകള്‍ക്ക് കാരണം പിവിസി ഉപയോഗമാണ് എന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ പിവിസി പൂര്‍ണമായും നിരോധിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ക്ലോറിനടക്കമുള്ള രാസപദാര്ത്ഥങ്ങളുള്ളതിനാല് പിവിസി കത്തുമ്പോള്‍ ഡയോക്സിന്‍, ഫ്യൂറാന്‍ തുടങ്ങിയ വിഷവാതകങ്ങള്‍ പുറത്ത് വരുമെന്നും ഇത് ആരോഗ്യത്തിന് അത്യന്തം ഹാനികരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
0 Comments