അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം

അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം അംഗമായിരുന്ന ഫാസ്റ്റ് ബൗളർ സൗരഭ് നേത്രവൽ‌ക്കർ അമേരിക്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകും. 2023 ലോകകപ്പ് ക്രിക്കറ്റിലേക്ക് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന അമേരിക്കൻ ടീമിന്റെ കുതിപ്പ് ഇനി സൗരഭിലൂടെയായിരിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ഗയാന ആമസോണ്‍ വാരിയേഴ്സ് ടീമിലേക്ക് നേരത്തെ സൗരഭിനെ തെരഞ്ഞെടുത്തിരുന്നു. 2010ല്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സൗരഭ് പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച്‌ അവിടെ താമസമാക്കുകയായിരുന്നു. അമേരിക്കയിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി നോക്കുകയാണ്.

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായ കെ.എല്‍ രാഹുലിനൊപ്പം ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള സൗരഭ്, ഇടം കൈയന്‍ പേസറാണ്. അഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്ന താരം പക്ഷേ ക്രിക്കറ്റിനെ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലിയായി അമേരിക്കയിലേക്ക് താമസം മാറിയത്. എന്നാല്‍ ഒഴിവുസമയം അവിടുത്തെ ക്ലബ്ബുകളില്‍ കളിക്കാന്‍ പോയിത്തുടങ്ങിയ സൗരഭ് പതുക്കെ പതുക്കേ അവിടുത്തെ ശ്രദ്ധേയ താരങ്ങളിലൊരാളാവുകയായിരുന്നു.


കഴിഞ്ഞയിടയ്ക്ക് അമേരിക്കയുടെ ദേശീയ ടീമില്‍ ഇടം പിടിച്ച താരം കുറച്ച്‌ നാളായി പുറത്തെടുക്കുന്ന സ്ഥിരതയുള്ള പ്രകടനമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തിച്ചത്. പാക് താരം ഷോയിബ് മാലിക്ക് നായകനായിട്ടുള്ള ഗയാന ആമസോണ്‍ വാരിയേഴ്സാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൗരഭിനെ സ്വന്തമാക്കിയിരിക്കുന്നത്.

Post a Comment

0 Comments