തിങ്കളാഴ്‌ച, നവംബർ 12, 2018
കാഞ്ഞങ്ങാട്:  തുടര്‍ച്ചയായി നാലാംദിവസവും രാജപുരത്ത് പുലിയിറങ്ങിയത് നാട്ടുക്കാരുടെ സൈര്വം കെടുത്തുന്നു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൂങ്ങലിലാണ് ഞായാറാഴ്ച രാത്രി പുലിയെ കണ്ടത്. വീണ്ടും പുലി ഇറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.പ്രഭാകരന്റെ നേതൃത്വത്തില്‍ വന പാലകരും നാട്ടുകാരും ആയുധങ്ങളുമായി പ്രദേശത്ത് പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചവ രെയും രാജപുരം ചുള്ളിക്കര തൂങ്ങല്‍ ഭാഗത്ത് ഫോറസ്റ്റ് ഉ ദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. രണ്ടുദിവസം മുമ്പേ അയറോട്ട് പാരിഷ് ഹാള്‍ പരിസരത്തുണ്ടായ രണ്ട് നായ്ക്കളില്‍ ഒന്നിനെ കാണാതായതും നാട്ടുകാരെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നായയെ കടിച്ചു കൊണ്ടുപോയതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷട്ടില്‍ കളിയിലേര്‍പ്പെട്ട യുവാക്കളാണ് പുലിയെ കണ്ടത്. നായ്ക്കളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലി ഓടുന്നത് കണ്ടത്. ഇവിടുന്നു തന്നെയാണ് നായയെ കാണാതായത്. പാരിഷ് ഹാളിന് സമീപം കൂട്ടിയിട്ടിരുന്ന ചാരത്തിലാണ് നായ്ക്കള്‍ കിടന്നിരുന്നത്. ഇവിടെ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് പുലിയുടേത് തന്നെയെന്നാണ് നാട്ടുകാര്‍ ഉറപ്പിക്കുന്നത്. പള്ളിക്ക് സമീപത്തുള്ള തോട്ടത്തില്‍  കാഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ഇതും കൂടുതല്‍ സംശയത്തിനിടയാക്കി.  തുടര്‍ച്ചയായി പുലിയെ കണ്ടതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ