തിങ്കളാഴ്‌ച, നവംബർ 12, 2018
കണ്ണൂർ: പൊലീസ് അസോസിയേഷൻ പഠന ക്യാംപ് നടക്കുന്നതിനിടെ റിസോർട്ട് തകർന്ന് 40 പൊലീസുകാർക്ക് പരിക്ക്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരു വനിതാ പൊലീസിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ കണ്ണൂർ എ.കെ.ജി, കൊയിലി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തോട്ടട ബീച്ചിലെ സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നുവീണത്. അതേസമയം കൂടുതൽ പൊലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റതായി വിവരമുണ്ട്. അറുപതോളം പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ചിലർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാതല പഠന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിന്‍റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എത്താൻ താമസിച്ചതിനാൽ ഉദ്ഘാടനം ചടങ്ങ് മാറ്റിവെച്ച് ക്ലാസ് ആരംഭിച്ചു. തൊട്ടുപിന്നാലെ റിസോർട്ടിന്റെ ഓടുമേഞ്ഞ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. റിസോർട്ടിന് പുറത്ത് നിന്ന പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണൂരിലെ ഒരുകൂട്ടം ഡോക്ടർമാർ ചേർന്ന് നടത്തുന്ന റിസോർട്ടിലാണ് അപകടമുണ്ടായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ