ന്യൂഡൽഹി: ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 തമിഴ്നാട് സ്വദേശികളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ സെൽ സ്ഥാപിക്കുന്നതിന് ഫണ്ട് സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി, രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് 14 പേരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇന്ത്യയിലെത്തിയ ഇവരെ അറസ്റ്റ് ചെയ്ത ശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലായ് 26 വരെ ഇവരെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
അൽഖ്വയ്ദയുമായും ഇവർക്ക് ബന്ധമുണ്ട്. യുഎഇ ആയിരുന്നു പ്രവർത്തന കേന്ദ്രം. ഇതിൽ ഒരാൾ 32 വർഷമായി ദുബായിലുണ്ടെന്നും എൻഐഎ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നാഗപട്ടണത്ത് നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഐഎസിന് റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു ഇവരുടെ ജോലിയെന്നും എൻഐഎ അധികൃതർ പറഞ്ഞു.
0 Comments