രാജപുരം: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ പ്രവേശനഫീസ‌് വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. ടൂറിസ്റ്റ് കേന്ദ്രം നിലവിൽ വന്നപ്പോൾ ഫീസ‌് ഈടാക്കിയിരുന്നില്ല. പരിമിതമായ സൗകര്യങ്ങളായിരുന്നു.
എന്നാൽ, സഞ്ചാരികളുടെ എണ്ണത്തിലെ വർധനയാണ് വനം വകുപ്പിനെ നിരക്കുവർധനക്ക‌് പ്രേരിപ്പിച്ചത്. റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനത്തിലേക്കുള്ള ട്രെക്കിങ്ങിനുള്ള പ്രവേശന ഫീസ് മൂന്ന് വർഷം മുമ്പാണ് ഇൗടാക്കിത്തുടങ്ങിയത്. തുച്ഛമായ തുകയാണ‌് വാങ്ങിയത‌്. എന്നാൽ, ആഗസ്റ്റ് ഒന്നു മുതൽ മുതിർന്നവർക്ക് 50 രൂപയും വിദ്യാർഥികൾക്ക് 25 രൂപയുമായി വനസംരക്ഷണസമിതി നിരക്ക‌് പുതുക്കി നിശ‌്ചയിച്ചു.
ചീഫ‌് ഫോറസ‌്റ്റ‌് കൺസർവേറ്ററുടെ നിർദേശത്തെ തുടർന്നാണ‌് ഇത‌്. പഞ്ചായത്ത് ഭരണസമിതിയോട് പോലും ആലോചിക്കാതെ സ്വീകരിച്ച തീരുമാനം പ്രതിഷേധത്തിന് കാരണമായി. ഉയർന്ന് ഫീസ് വാങ്ങിയാൽ സമരത്തിന് നേതൃത്വം നൽകുമെന്ന് സിപിഐ എമ്മും, പഞ്ചായത്ത് ഭരണസമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയാണ് ഫീസ‌് വർധന.
0 Comments