ദുഷ്പ്രപ്രചരണങ്ങള്‍ക്കെതിരെ കുഞ്ഞു മാതൃക സൃഷ്ടിച്ച് മേലാങ്കോട്ടെ കുട്ടിക്കൂട്ടം

ദുഷ്പ്രപ്രചരണങ്ങള്‍ക്കെതിരെ കുഞ്ഞു മാതൃക സൃഷ്ടിച്ച് മേലാങ്കോട്ടെ കുട്ടിക്കൂട്ടം



കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ,ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കാനുള്ള സവിശേഷ പ്രൊജക്ട് അവതരിപ്പിച്ച ആദര്‍ശിനെ മാതൃകയാക്കി മേലാങ്കോട്ടെ കുട്ടിക്കൂട്ടം. തിരുവനന്തപുരത്തെ ഒമ്പതാം തരം വിദ്യാര്‍ഥിയായ ആദര്‍ശ് എല്‍.പി.ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് തനിക്ക് കിട്ടുന്ന പോക്കറ്റ് മണികള്‍ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വരുന്നുണ്ട്. കാഞ്ഞങ്ങാട് മേലാങ്കോട്ട് ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ ഒരു കൂട്ടം  വിദ്യാര്‍ഥികളാണ് ആദര്‍ശിനെ മാതൃകയാക്കി  ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍   വേറിട്ട വഴി കണ്ടെത്തിയത്.

സ്വാതന്ത്ര്യ ദിനത്തില്‍ നീലേശ്വരത്തും കീക്കാങ്കോട്ടും നടന്ന ജില്ലാതല ക്വിസ് മത്സരങ്ങളില്‍ യു.പി.വിഭാഗത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ആയുഷ് മധു, ശ്രീനന്ദന്‍.കെ.രാജ്, ആനന്ദ്.കെ.അരവിന്ദ്, രാമു ജയന്‍ ,അദ്വൈത് കെ.അരവിന്ദ്.എന്നിവര്‍ തങ്ങള്‍ക്ക് സമ്മാനമായി കിട്ടിയ മുഴുവന്‍ ക്യാഷ്അവാര്‍ഡും  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ഡോ.കൊടക്കാട് നാരായണനെ ഏല്പിച്ചു.

രണ്ടാം ക്ലാസിലെ ശിവപ്രസാദ് തന്റെ ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അവധി ദിവസങ്ങളില്‍ അയല്‍ക്കാരെയും ബന്ധുക്കളെയും കണ്ട് നാലാംതരത്തിലെ അര്‍ജുന്‍ വി രണ്ടായിരം രൂപയും മൂന്നാം തരത്തിലെ മണികണ്ഠന്‍ ആയിരത്തി നാന്നൂറ്റി പത്ത് രൂപയും  സമാഹരിച്ചാണ് സ്‌കൂളിലെത്തിയത്.

കൈത്താങ്ങിനായി  നാട് നെട്ടോട്ടമോടുമ്പോള്‍ വ്യാജ പ്രചരണങ്ങളിലൂടെ അത് മുടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ മറുപടി നല്‍കുകയാണ് മേലാങ്കോട്ടെ കുട്ടിക്കൂട്ടം. വിവിധ ക്ലാസുകളില്‍ നിന്നായി ഇതിനകം ഇരുപതിനായിരത്തിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു കഴിഞ്ഞു.

Post a Comment

0 Comments