കാസർകോട്: ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന് ബില്ലില്‍ രേഖപ്പെടുത്തിയ തുക മാത്രം ഡെലിവറി സമയത്ത് നല്‍കിയാല്‍ മതിയെന്ന് എ.ഡി.എം എന്‍ ദേവി ദാസ് പറഞ്ഞു. പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വാതക വിതരണ ഏജന്‍സികളുടെയും ഓയില്‍ കമ്പനികളുടെയും ഉപഭോക്തൃ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
സിലിണ്ടറില്‍ ക്യത്യമായ അളവില്‍ പാചക വാതകം ഉണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് പരിശാധിച്ച് ഉറപ്പ് വരുത്താം. ഇതിനായി ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്ന വാഹനങ്ങളില്‍ തൂക്കി നോക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. വിതരണത്തിനായി ഗ്യാസ് ഗോഡൗണില്‍ നിന്ന് ലോഡ് ചെയ്യുമ്പോള്‍ തന്നെ ബില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും. ഇത് വിതരണത്തിനായി എത്തുന്ന വാഹനത്തില്‍ ഉണ്ടാവും. സബ്‌സിഡി ക്യത്യമായി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് സബ്‌സിഡി നല്‍കുന്ന സ്ഥാപനവുമായി ബാങ്ക് അധികൃതര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
പാചക വാതകവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണം നടത്തും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഗ്യാസ് സ്റ്റൗ, റഗുലേറ്റര്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. ഇതിന് കമ്പനികള്‍ക്ക് 150 രൂപയും നിയമാനുസൃത ജി.എസ്.ടി യും ഈടാക്കാം. പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയില്‍ നല്‍കാനുള്ള ഗ്യാസ് കണക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി നല്‍കാനും നിര്‍ദേശം നല്‍കി.
ഗ്യാസ് ബുക്ക് ചെയ്യാനും പെയ്‌മെന്റ് നല്‍കാനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈന്‍ ആയോ ജില്ലാ ഓപണ്‍ ഫോറം മുമ്പാകെയോ നല്‍കാം. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, വിവിധ വിതരണ ഏജന്‍സികള്‍, ഉപഭോക്തൃ പ്രതിനിധികള്‍ തടങ്ങിയവര്‍ പങ്കെടുത്തു.
0 Comments