പുത്തുമലയിൽ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ; ഡിഎൻഎ ടെസ്റ്റ് നടത്തും

പുത്തുമലയിൽ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ; ഡിഎൻഎ ടെസ്റ്റ് നടത്തും



പുത്തുമലയിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ. ഇതേ തുടർന്ന് മൃതദേഹം സംസ്‌കരിച്ചില്ല. സംസ്‌കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ജില്ലാ കളക്ടർ ഇടപെട്ട് സംസ്‌കാര ചടങ്ങുകൾ നിർത്തിവയ്ക്കുകയായിരുന്നു.

മൃതദേഹം പുത്തുമലയിൽ നിന്നും കാണാതായ അണ്ണയ്യന്റേതാണെന്ന് മകൻ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് മേപ്പാടി പത്താംമൈൽ ഹിന്ദു സ്മശാനത്തിൽ സംസ്‌കാരചടങ്ങുകൾ നടന്നുകൊണ്ടിരിക്കെയാണ് കളക്ടർ ഇടപെട്ട് സംസ്‌കാരചടങ്ങുകൾ നിർത്തിവപ്പിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെതാണ് മൃതദേഹം എന്ന് സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് സംസ്‌കാരചടങ്ങുകൾ നിർത്തിവച്ചത്.

ഗൗരീശങ്കറിന്റെ സഹോദരങ്ങൾ നേരത്തെ മൃതദേഹം പരിശോധിച്ചിരുന്നു. എന്നാൽ ആദ്യം സംശയമുന്നയിച്ചിരുന്നില്ല. മൃതദേഹത്തിന്റെ അരയിൽ ചരടു കണ്ടെത്തിയതോടെയാണ് സംശയം ഉയർന്നത്. ഗൗരീശങ്കർ അരയിൽ ചരട് കെട്ടുന്ന ആളാണെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ ടെസ്റ്റിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകൾ നടക്കുകയുള്ളൂ.

Post a Comment

0 Comments