കാസർകോട്: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഡോക്‌സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്തു. പെര്‍ണടുക്ക കമ്മൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് മെബര്‍ കെ ലീല ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വയലില്‍ പണിയെടുക്കുന്നവര്‍ ഓട,തോട്,കനാല്‍,കുളങ്ങള്‍,വെള്ളകെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്. ആഹാര സാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍വീണ് മലിനമാകാക്കിരിക്കാന്‍ എല്ലാ സമയവും മൂടിവെക്കണമെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കി.
മലിന ജലത്തിലും ചളിയിലും ജോലി ചെയ്യുന്നവര്‍ പ്രതിരോധ ഗുളിക ആഴ്ചയില്‍ രണ്ട് എണ്ണം വിതം കഴിക്കണം. പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണം. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപിത്തം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്. ജെപിഎച്ച്എന്‍ രാജി സിസ്റ്റര്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ ശ്രീധരന്‍മാസ്റ്റര്‍, സമ്പത്ത്കുമാര്‍, ശൈലശ്രീ എന്നിവര്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനിക്കെതിരേ ചൗക്കി കെ കെ പുറത്ത് ഫോഗിങ്ങും നടത്തി.
0 Comments